ശ്രീനഗർ : കാശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകൾക്കിടെയിൽ ആയുധങ്ങൾക്കും വെടിയുണ്ടകൾക്കും ക്ഷാമം നേരിടുന്നത് മറികടക്കാൻ ആയുധക്കൈമാറ്റത്തിന് തന്ത്രപരമായ മാർഗങ്ങൾ വികസിപ്പിച്ച് പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകൾ. ഇപ്പോൾ ഡ്രോണുകൾ വഴിയാണ് പാക് ഭീകരർ കാശ്മീരിലുള്ള ഭീകരിലേക്ക് അതിർത്തി കടത്തി ആയുധമെത്തിക്കുന്നത്.
കഴിഞ്ഞ ദിവസം, കാശ്മീർ താഴ്‌വര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്ന് ലഷ്കർ തീവ്രവാദികളെ ജമ്മുവിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെക്കൻ കാശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും നിന്ന് രജൗരിയിലേക്കുള്ള വരവിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. പാകിസ്ഥാനിൽ നിന്നും ഡ്രോൺ വഴി എത്തിച്ച ആയുധങ്ങൾ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിരുന്നു. രണ്ട് എ.കെ. 56 റൈഫിളുകൾ, 180 റൗണ്ടുകളോട് കൂടിയ ആറ് എ.കെ മാഗസിനുകൾ, രണ്ട് ചൈനീസ് പിസ്റ്റളുകൾ, 30 റൗണ്ടുകളോട് കൂടിയ മൂന്ന് പിസ്റ്റൾ മാഗസിനുകൾ, നാല് ഗ്രാനേഡുകൾ എന്നിവയാണ് ഡ്രോൺ വഴി അതിർത്തിയിലെത്തിച്ചത്.
പുൽവാമ സ്വദേശികളായ റാഹിൽ ബഷീർ, അമിർ ജാൻ എന്ന ഹംസ, ഷോപിയാൻ സ്വദേശിയായ ഹാഫിസ് യൂനുസ് വാനി എന്നിവരാണ് ആയുധങ്ങളുമായി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രോണുകളിലൂടെ പാക് തീവ്രവാദികൾ കാശ്മീരിലേക്ക് ആയുധങ്ങൾ എത്തിക്കുന്നത് വർദ്ധിച്ചതോടെ ബി.എസ്.എഫ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ എട്ടു തവണയാണ് അടുത്തിടെയായി ഡ്രോൺ മാർഗമുള്ള ആയുധക്കടത്ത് സുരക്ഷാസേനയും പൊലീസും പിടികൂടിയത്. ഇതിൽ ഒരു ഡ്രോൺ കത്വയിൽ വച്ച് ബി.എസ്.എഫ് വെടിവച്ചിട്ടിരുന്നു. മൂന്ന് ഡ്രോണുകൾ ജവഹർ ടണലിന് സമീപത്ത് വച്ച് സുരക്ഷാസേന പിടികൂടിയിരുന്നു.