covid-vaccine

മോസ്കോ: ലോകരാജ്യങ്ങൾ കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണങ്ങളുമായി മല്ലിടുമ്പോൾ, രണ്ടാമത്തെ വാക്സിൻ പുറത്തിറക്കാനൊരുങ്ങി റഷ്യ. ലോകത്തെ ആദ്യ ഫലപ്രദമായ കൊവിഡ് വാക്സിൻ എന്ന് അവകാശപ്പെട്ട് റഷ്യയിലെ ഗമാലേയ ദേശീയ ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച സ്‌പുട്‌നിക് 5 കഴിഞ്ഞ ആഗസ്‌റ്റ് 15നാണ് രജിസ്‌റ്റർ ചെയ്‌തത്. വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിരവധി ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് രണ്ടാമത്തെ വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണവുമായി റഷ്യ മുന്നോട്ട് പോകുന്നത്. സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്‌ടർ ആണ് ഈ വാക്‌സിൻ വികസിപ്പിക്കുന്നത്. ഈ വാക്‌സിൻ ആറ് മാസം മാത്രമേ കൊറോണ വൈറസിൽ നിന്ന് പ്രതിരോധശേഷി നൽകുകയുള്ളൂവെന്നാണ് വിവരം. 1,500 ഓളം മൃഗങ്ങളിലാണ് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത്. വിശദമായ പഠനങ്ങളും നടന്നു. പല ഘട്ടങ്ങളിലായി പൂർത്തിയായ വാക്‌സിൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് തെളിഞ്ഞുവെന്നാണ് അവകാശവാദം. തുടർ പരീക്ഷണങ്ങൾ 30 വരെ നീണ്ടുനിൽക്കും. അതിനുശേഷം രജിസ്ട്രേഷൻ ട്രയലുകൾ ആരംഭിക്കും. രണ്ടാംഘട്ട പരീക്ഷണം സന്നദ്ധ പ്രവർത്തകരിൽ തുടരുകയാണെന്നും ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും എല്ലാവരിലും മികച്ച ഫലമാണ് കാണുന്നതെന്നും റിപ്പോർട്ടുണ്ട്.

പ്രതിരോധ ശേഷി ആറുമാസം

വെക്‌ടർ സർവകലാശാല വികസിപ്പിക്കുന്ന വാക്‌സിൻ ആറ് മാസം കൊറോണ വൈറസിൽ നിന്ന് പ്രതിരോധ ശേഷി നൽകുമെന്ന് സ്യൂനോട്ടിക് (മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ) വിഭാഗം മേധാവി അലക്‌സാണ്ടർ റൈഖിക്കോവ് വ്യക്തമാക്കി. 'കൊവിഡിനെതിരെയുള്ള വാക്‌സിനുകൾ ദീർഘകാലം പ്രതിരോധശേഷി നൽകില്ല. ആവശ്യമായ ഘട്ടത്തിൽ വാക്‌സിൻ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ശാസ്‌ത്രീയമായി ഇത് നല്ല കാര്യമാണ്. അതിന് കാരണം വൈറസ് അടക്കമുള്ളവ ഒരേക്കാലം ഒരേ സ്വഭാവത്തിൽ നിലനിൽക്കില്ല. നിലവിലെ വാക്‌സിൻ ആറ് മാസം മാത്രമാകും പ്രതിരോധ ശേഷി മനുഷ്യരിൽ നിലനിറുത്തുകയെന്നും" റൈസികോവ് പറഞ്ഞു. ഇത് നേട്ടമായാണ് ഗവേഷകർ പറയുന്നത്. കാരണം വാക്‌സിൻ സ്വീകരിക്കുന്നവരിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല.

 വെക്ടർ, റഷ്യയുടെ കരുത്ത്

ലോകത്തിലെ ഏറ്റവും മികച്ച വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നാണ് വെക്‌ടർ. സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്‌കിലെ കോൽട്‌സോവോയിലാണ് ഇത് സ്ഥിതി ചെയുന്നത്. 1974ൽ പ്രവർത്തനമാരംഭിച്ച വെക്‌ടർ ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു. വസൂരി, മാർബർഗ് തുടങ്ങിയ മാരക വൈറസുകളെ വെക്‌ടറിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വസൂരി വൈറസ് സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളിൽ ഒന്നാണിത്. കാൻസറടക്കമുള്ള രോഗങ്ങൾക്കുള്ള വാക്സിനുകളും മരുന്നുകളും കണ്ടെത്താനുള്ള ശ്രമം വെക്‌ടർ സർവകലാശാലയിൽ തുടരുന്നുണ്ട്.