fltc

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലും കൊവിഡ് പരിശോധനകൾ ക്രമമായി നടത്താൻ തുടങ്ങിയതോടെ ജില്ലയിൽ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കിടക്കകൾക്ക് ക്ഷാമം നേരിട്ടു തുടങ്ങി. സ്വകാര്യ ആശുപത്രികളിൽ 1000 മുതൽ 1500 വരെ ടെസ്റ്റുകളാണ് നടക്കുന്നത്. ഇങ്ങനെ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നവർ സ്വകാര്യ ആശുപത്രികളിലെ തുടർചികിത്സാ ചെലവ് ഭീമമായതിനാൽ സർക്കാരിന്റെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ 500 പേർ മാത്രമാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

രോഗികൾ കൂടുന്നത് വെല്ലുവിളി
ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2642 രോഗികളാണ് ഉണ്ടായത്. ജില്ലയിൽ ഇപ്പോൾ 6500 ഓളം കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. രോഗബാധിതരുടെ എണ്ണം കാൽ ലക്ഷം വരും. ജില്ലയിൽ ആകെ 27 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണുള്ളത്. ജില്ലയിലെ പരിശോധനകളുടെ എണ്ണം 5000 ആക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അടുത്തയാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 1000 കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

വീടുകളിൽ 1800 പേരാണ് ചികിത്സയിലുള്ളത്. ഇത് ഉടൻ തന്നെ 2000ന് പുറത്ത് പോകുമെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും അടുത്ത് തന്നെ 10,000ന് മുകളിൽ എത്തുമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു. 27 സി.എഫ്.എൽ.ടി.സികളിലായി 3496 കിടക്കകളാണുള്ളത്. ഇതിൽ 2480 എണ്ണവും രോഗികളാൽ നിറഞ്ഞിട്ടുണ്ട്. ദിവസവും രോഗമുക്തി നേടുന്നവർ ഉള്ളതിനാലാണ് വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നത്.

ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 25,​538

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 4014

വീട്ടിൽ നിരീക്ഷണത്തിലുള്ളവർ: 21,​524