മോസ്കോ: നല്ല ചുവന്ന റോസാപ്പൂവിനു മുകളിലായി ഇളം നീല നിറത്തിലുള്ള കുഞ്ഞൻ പാമ്പ്. ആഹാ എന്തുഭംഗി എന്ന് ചിന്തിക്കരുത്. ലോകത്തിലെ ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നായ വൈറ്റ് ലിപ്പ്ഡ് പിറ്റ് വൈപ്പേഴ്സ് വിഭാഗത്തിൽപ്പെട്ട വിരുതനാണിത്. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ് റോസാപ്പൂവിന് മുകളിലിരിക്കുന്ന ഈ നീലൻ പാമ്പ്.
ഇത്രയ്ക്കും മനോഹരമായ നീലനിറത്തിലെ പാമ്പിനെ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഗ്ലാമറും വലിപ്പവുമൊക്ക കണ്ട് കൈയിലെടുത്ത് കൊഞ്ചിക്കാമെന്ന് കരുതേണ്ട പണി പാളും. ഒരൊറ്റ കടി കിട്ടിയാൽ ജീവൻ പോകും. വിഷം ഉള്ളിൽ കടന്നാൽ ഗുരുതര ആന്തരിക രക്തസ്രാവമുണ്ടാകും.
ഉഗ്രവിഷമുള്ള വളരെ ആക്രമണ സ്വഭാവമുള്ള പാമ്പുകളാണ് ബ്ലൂ പിറ്റ് വൈപ്പറുകൾ. ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റർ പേജിലാണ് നീലൻ പാമ്പിന്റെ വീഡിയോ വന്നത്. മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഇന്തോനേഷ്യ, തിമോർ തുടങ്ങിയ പ്രദേശങ്ങളിലുള്ള പിറ്റ് വൈപ്പർ ഉപസ്‌പീഷിസാണ് ഈ നീല നിറക്കാരെന്ന് മോസ്കോ മൃഗശാല ജനറൽ ഡയറക്ടർ സ്വെറ്റ്ലാന അകുലോവ പറയുന്നു.
സാധാരണ പച്ച നിറത്തിലുള്ളവയാണ് വൈറ്റ് - ലിപ്പ്ഡ് ഐലൻഡ് പിറ്റ് വൈപ്പറുകൾ. വളരെ അപൂർവമായാണ് നീല നിറത്തിലുള്ള വൈപ്പറുകളെ കാണാൻ സാധിക്കുകയെന്നും സ്വെറ്റ്ലാന കൂട്ടിച്ചേർത്തു.