arundika-fernando

കൊളംബോ : തന്റെ വാർത്താ സമ്മേളനം ' ഹൈറേഞ്ചിൽ ' വച്ച് നടത്തി വ്യത്യസ്ഥമാക്കിയിരിക്കുകയാണ് ശ്രീലങ്കയിലെ ഒരു മന്ത്രി. തെങ്ങിന്റെ മുകളിലിരുന്നാണ് നാളികേര വകുപ്പ് മന്ത്രിയായ അരുന്ദിക ഫെ‌ർണാണ്ടോ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തെങ്ങിൽ കയറിയിരുന്നു ഫെർണാണ്ടോ വാർത്താ സമ്മേളനം നടത്തിയത്. ദൻകോട്ടുവയിലുള്ള തന്റെ തെങ്ങിൻതോട്ടമായിരുന്നു ഇതിനായി ഇദ്ദേഹം തിരഞ്ഞെടുത്തത്. തെങ്ങിൻ മുകളിലേക്ക് കയറി തേങ്ങയിട്ട ശേഷമായിരുന്നു ഒരു തേങ്ങയും കൈയ്യിൽ പിടിച്ച് തെങ്ങിൽ മുകളിൽ തന്നെയിരുന്ന് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്. ഫെർണാണ്ടോയുടെ ക്ഷണപ്രകാരമെത്തിയ മാദ്ധ്യമപ്രവർത്തകരെല്ലാം മന്ത്രിയുടെ പ്രവർത്തി കണ്ട് ശരിക്കും അമ്പരന്നു പോയി. പുതിയ തരം തെങ്ങുകയറ്റ യന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു മന്ത്രിയുടെ പരീക്ഷണം. വരും മാസങ്ങളിൽ ഈ യന്ത്രത്തെ വിപണിയിലിറക്കാനുള്ള ശ്രമവുമുണ്ട്.

രാജ്യത്ത് നാളികേരത്തിനും നാളികേര ഉത്പന്നങ്ങൾക്കും ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വിലയും കൂടിയതായി മന്ത്രി പറഞ്ഞു. ഒപ്പം നാളികേരത്തിന് ക്ഷാമവും വർദ്ധിച്ചു. തെങ്ങുകയറ്റം നടത്തുന്ന തൊഴിലാളികൾക്ക് തെങ്ങ് ഒന്നിന് 100 രൂപ വച്ച് നൽകണമെന്നും മന്ത്രി വാർ‌ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തേങ്ങയിടാനും കള്ള് ചെത്താനും ഇപ്പോൾ ആളെ കിട്ടാനില്ലെന്നും നാളികേരത്തിന്റെ വില വർദ്ധിച്ചതിനാൽ അവ ഇറക്കുമതി ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏകദേശം 700 ദശലക്ഷം നാളികേരത്തിന്റെ കുറവാണ് രാജ്യത്ത് അനുഭവപ്പെടുന്നതെന്നും എല്ലാവരും നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. നാളികേരത്തിന്റെ വില രാജ്യത്ത് കുറയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.