ലോസ്ആഞ്ചലസ് : റസ്‌ലിംഗ് റിംഗിലും സിനിമയിലും മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും ഹോളിവുഡ് നടൻ ഡ്വെയ്ൻ ' ദ റോക്ക് ' ജോൺസൺ ശക്തിമാൻ തന്നെ. കഴിഞ്ഞ ദിവസം വീടിനുള്ളിൽ കുടുങ്ങിപ്പോയ റോക്ക് വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്താണ് പുറത്തെത്തിയത്. ! വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് വീടിന് മുൻ വശത്തെ ഇലക്ട്രിക് ഗേറ്റ് തുറക്കാൻ കഴിയാതെ വന്നതോടെ 48 കാരനായ റോക്ക് വിജാഗിരിയിൽ നിന്നും ഗേറ്റ് വെറും കൈയ്യോടെ ഇളക്കിയെടുക്കുകയായിരുന്നു.
അമേരിക്കയിൽ കഴിഞ്ഞ ദിവസം വീശിയടിച്ച സാലി കൊടുങ്കാറ്റിനെ തുടർന്ന് അലബാമയിലും ഫ്ലോറഡയിലും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്നാണ് റോക്കിന് വീടിന് മുന്നിലെ ഗേറ്റ് തുറക്കാൻ കഴിയാതെ വന്നത്. ഗേറ്റ് തുറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് ഒടുവിൽ ഗേറ്റ് മൊത്തത്തിൽ ഇളക്കിയെടുത്ത് റോക്ക് പ്രശ്നത്തിന് പരിഹാരം കണ്ടത്.
ഡി.സി കോമിക്സിന്റെ ' ബ്ലാക്ക് ആഡം ' എന്ന പുതിയ സൂപ്പർ ഹീറോ ചിത്രത്തിൽ റോക്ക് ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിൽ മാത്രമല്ല ശരിക്കും താൻ സൂപ്പർ ഹീറോ ആണെന്ന് ഈ സംഭവത്തോടെ തെളിയിച്ചിരിക്കുകയാണ് റോക്ക്. റോക്ക് തന്നെ ഗേറ്റ് തകർത്ത കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ബ്ലാക്ക് ആഡം സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തനിക്ക് വേണ്ടി സെറ്റിൽ കാത്തിരിക്കുന്നുണ്ടെന്ന കാര്യം ഓർത്തതോടെയാണ് റോക്കിന്റെ ദേഷ്യം ഇരട്ടിച്ചത്.
ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സഹായത്തോടെ വൈദ്യുതി ഇല്ലെങ്കിലും ഗേറ്റ് സാധാരണ തുറക്കുമായിരുന്നെങ്കിലും ഇത്തവണ അത് നടന്നില്ല. തുടർന്ന് ഗേറ്റ് തുറക്കാനായി ടെക്നീഷൻമാരെ വിളിച്ചെങ്കിലും അവർ വരുന്നത് വരെ കാത്ത് നില്ക്കാനുള്ള ക്ഷമ റോക്കിനില്ലായിരുന്നു. ഷൂട്ടിംഗ് തുടങ്ങാൻ തന്റെ വരവും കാത്ത് നിരവധി പേർ നില്ക്കുമ്പോൾ തനിക്ക് ക്ഷമയോടെ കാത്തിരിക്കാൻ സമയമുണ്ടായിരുന്നില്ലെന്ന് റോക്ക് പറയുന്നു. അതുകൊണ്ട് പിന്നൊന്നും നോക്കിയില്ലെന്നും ഗേറ്റ് സർവശക്തിയുമെടുത്ത് പൂർണമായും ഇളക്കി മാറ്റിയെന്നും റോക്ക് പറയുന്നു.
ടെക്നിഷ്യൻമാർ എത്തിയപ്പോൾ തകർന്ന് കിടക്കുന്ന ഗേറ്റാണ് കണ്ടത്. അവർ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഇനിയും ഇങ്ങനെയുണ്ടായാൽ താൻ ഗേറ്റ് ചാടിപ്പോകുമെന്ന് കരുതേണ്ടെന്നും റോക്ക് പറഞ്ഞു.