ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് വര്‍ദ്ധനവില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന പുതിയ വിവരങ്ങളും പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മഹാമാരി ലോകത്ത് തന്നെ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം
ശാസ്ത്രലോകം ഇന്ന് കൊവിഡ് വാക്‌സിന്റെ പിന്നാലെയാണ്. മെഡിക്കല്‍ പ്രൊഫഷണലുകളും ഗവേഷകരും വൈറസിനെതിരെ ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ്. അതിനൊപ്പം തന്നെ കാലാവസ്ഥാ വ്യതിയാനം വൈറസില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും വലിയ ഗവേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ചൂടുകാലത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്
നേരത്തെ നടത്തിയ ഏതാനും ചില പഠനങ്ങളില്‍ ചൂടുകാലത്ത് വൈറസുകളുടെ വ്യാപനം കുറയുമെന്ന് കണ്ടെത്തിയിരുന്നു. അതിന് ഉദാഹരണമായി വേനല്‍ കാലമായ മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വൈറസിന്റെ വ്യാപനം കുറവായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചൂടുള്ള പ്രദേശങ്ങളില്‍ വൈറസ് വ്യാപനം കൂറവായിരിക്കും. എന്നാല്‍ ഇത് ഉറപ്പിച്ചു പറയുന്നതിനുള്ള തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ല.
ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം തരംഗം
മുകളില്‍ പറഞ്ഞിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ വരാനിരിക്കുന്ന ശൈത്യകാലം കൊവിഡ് രോഗബാധ പെരുകുന്നതിന് സഹായിക്കുമെന്നാണ് സൂചനകള്‍ നല്‍കുന്നത്. രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ അപകടകരമാകുമെന്നും സൂചനകളുണ്ട്. അതേസമയം, ഈ അവകാശവാദം ശരിവയ്ക്കുന്നതിനുള്ള ശാസ്ത്രീയ പഠനമൊന്നും ഇതുവരേയും നടത്തിയിട്ടില്ല. എങ്കിലും തണുത്ത താപനിലയില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കുവാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിച്ചിരിക്കുന്നത്.
ഇന്ത്യയിലും പഠനം
ഐ.ഐ.ടി-ഭുവനേശ്വര്‍, എയിംസ് എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ മറ്റൊരു പഠനത്തിലും ഇതിന് അനുകൂലമായ കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. താപനില കുറയുന്നത് രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനെ അനുകൂലിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍, വാക്‌സിന്റെ കാര്യത്തില്‍ ഒരു കണ്ടെത്തലും ഇതുവരേയും ഫലപ്രദമായി ഉണ്ടായിട്ടില്ല എന്നതും ആശങ്ക ഉയര്‍ത്തുന്നു. അതേസമയം, വൈറസിന്റെ വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീട്ടില്‍ തന്നെ തുടരുക, രോഗം പിടിപെടുകയാണെങ്കില്‍ ശരീരത്തെ കഴിയുന്നത്ര ആരോഗ്യത്തോടെ നിലനിര്‍ത്തുക തുടങ്ങിയ മുന്‍കരുതലുകള്‍ പാലിക്കേണ്ടത് പ്രധാനമാണ് എന്നും ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.