സെപ്തംബർ 21 ലോകമെങ്ങും മറവിദിനമായി ആചരിക്കുന്നു.പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ ഒരു രോഗമാണ് മറവി. രോഗി വർഷങ്ങളോളം രോഗ ലക്ഷണങ്ങളുമായി ജീവിക്കും എന്നതുകൊണ്ട് പരിചരണം വർഷങ്ങളോളം വേണ്ടിവരും. മറവിയാണ് ഇവരുടെ പ്രധാന രോഗലക്ഷണമെങ്കിലും പരിചരണം ദുഷ്കരമാക്കുന്നത് മറവിയോടൊപ്പം ഇവർ പ്രകടിപ്പിക്കുന്ന പെരുമാറ്റം സംബന്ധിച്ചുള്ള മറ്റു വൈകല്യങ്ങളാണ്.
ഇത്തരം വൈകല്യങ്ങൾ കൈകാര്യം ചെയ്യാൻ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണെങ്കിലും ഇത് അവയുടെ പാർശ്വഫലങ്ങൾ മൂലം രോഗിയെ അവശരാക്കാൻ പോന്നവയാണ്.
രോഗിയോട് കരുണയുള്ള ഒരു പരിചാരകൻ നൽകുന്ന പരിചരണം ഒരുപക്ഷേ മരുന്നിനെക്കാൾ പ്രയോജനപ്രദമായി തീരാം.
ജീവിത സാഹചര്യങ്ങളിലോ ജീവിതചര്യയിലോ വരുന്ന മാറ്റവും രോഗിയുടെ പെരുമാറ്റ വൈകല്യങ്ങളെ വഷളാക്കാം. ഇത്തരത്തിൽ വഷളാക്കുന്ന സാഹചര്യങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുകയാണ് വേണ്ടത്.
ഒരു ചെറിയ ഉദാഹരണത്താൽ ഇത് വ്യക്തമാക്കാം. 63 വയസുള്ള വാസുവിന് കഴിഞ്ഞ നാലുവർഷമായി മറവിരോഗമാണ്. മകനോടൊപ്പം വീട്ടിൽ കഴിയുന്ന അദ്ദേഹത്തിന് കഴിഞ്ഞ ഒരാഴ്ചയായി ഒരു അസ്വസ്ഥത കൂടി. കോപം, വാശി, രാത്രി ഉറങ്ങുന്നില്ല. മറ്റുള്ളവരെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. ചിലപ്പോഴൊക്കെ വയറുതടവി ഉച്ചത്തിൽ നിലവിളിക്കുന്നു. ഇത്തരം പെരുമാറ്റ വൈകല്യങ്ങളാണ് പ്രകടിപ്പിക്കുന്നത്.. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ മറ്റൊരു മുറിയിലേക്ക് താമസം മാറ്റിയത്. ഇൗമുറിയിൽനിന്ന് ബാത്ത്റൂമിലേക്ക് പോകുന്നത് അദ്ദേഹത്തിന് വളരെ ശ്രമകരമായി തോന്നിയിരുന്നു. വഴി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് മറവിരോഗികളുടെ ഒരു പ്രധാനപ്പെട്ട വൈകല്യമാണ്. പുതിയ മുറിയിലേക്ക് മാറിയപ്പോൾ ബാത്ത്റൂമിലേക്കുള്ള വഴി കണ്ടെത്തൽ തികച്ചും ക്ളേശകരമായ ഒരു പ്രവൃത്തിയായി. ഇതിന്റെ അനന്തരഫലമായി ആ ശ്രമംതന്നെ അദ്ദേഹം ഉപേക്ഷിച്ചു. മലബന്ധംകൂടി. അസ്വസ്ഥതകളായി. ഇത് മനസിലാക്കിയ മകൻ ബാത്ത്റൂമിലേക്കുള്ള വഴി സൂചിപ്പിക്കുന്ന രണ്ട് ചൂണ്ടുപലകകൾ സ്ഥാപിച്ചു. അച്ഛന്റെ ഉൽകണ്ഠ മാറി. അസ്വസ്ഥതകളും മാറി. ഇത്തരത്തിൽ ഈ രോഗികളുടെ അസ്വസ്ഥതകൾ പലപ്പോഴും പരിഹരിക്കാവുന്ന ഒരു കാരണം ഉണ്ടാകും. അത് കണ്ടെത്തണം. പരിഹരിക്കണം.
രോഗികൾ അമിതമായ ദേഷ്യം പ്രകടിപ്പിച്ചാൽ അതിനുള്ള കാരണം കണ്ടുപിടിച്ച് അത് പരിഹരിക്കാൻ ശ്രമിക്കണം.
എന്നാൽ മറവിരോഗികളുള്ള എല്ലാ വീടുകളിലും ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തുക പ്രായോഗികമല്ല. ഇവിടെയാണ് മറവിരോഗ പരിചരണ സ്ഥാപനങ്ങളുടെ പ്രാധാന്യം. മേല്പറഞ്ഞ സംവിധാനങ്ങളും പരിചാരകരുമുള്ള സ്ഥാപനങ്ങളിൽ മറവിരോഗികളെ പരിചരിച്ചാൽ ഇത്തരം പെരുമാറ്റ വൈകല്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കും. ഒരു രണ്ടാംവീടുപോലെ ഇത്തരം ഭവനങ്ങളിൽ ഇവർക്ക് മനസമാധാനത്തോടെ കഴിയാൻ സാധിക്കും. അത്യാവശ്യത്തിന് വൈദ്യസഹായവും ഇത്തരം സ്ഥാപനങ്ങളിലൂടെ നൽകാൻ സാധിക്കണം. മറവി രോഗി പരിചരണത്തിൽ ഈ ഒരു ആശയം നമ്മുടെ നാട്ടിൽ ഇന്ന് തികച്ചും പ്രചാരത്തിലില്ല. ഇത്തരം സ്ഥാപനങ്ങളിൽ തങ്ങളുടെ വേണ്ടപ്പെട്ടവരെ പരിചരണത്തിനായി നിറുത്തുന്നത് തങ്ങളുടെ കർത്തവ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി പല ബന്ധുക്കളും കരുതുന്നു. തികഞ്ഞ കുറ്റബോധത്തോടെയാണ് ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് ഇവർ അന്വേഷിക്കുന്നതുപോലും. തികച്ചും തെറ്റായ ഈ നിലപാട് മാറേണ്ടകാലം കഴിഞ്ഞു.
എ.ആർ.സി.എസ്.ഐ എന്ന ദേശീയ സംഘടന മറവിരോഗികൾക്കായും അവരുടെ ബന്ധുക്കൾക്കായും കഴിഞ്ഞ ഇരുപത്തിയെട്ട് വർഷമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സ്നേഹസദനം എന്ന മറവിരോഗ പരിചരണ കേന്ദ്രം കഴിഞ്ഞ 15 വർഷമായി വിജയകരമായി പ്രവർത്തിക്കുന്നു.
വർഷങ്ങളോളം ഇവിടെ സംതൃപ്തരായി സന്തോഷത്തോടെ താമസിച്ച മറവി രോഗികൾ ഉണ്ട്.
ഇത്തരം സ്ഥാപനങ്ങളുടെ പ്രാധാന്യം മനസിലാക്കി കേരള സർക്കാരും ഈ രംഗത്ത് സജീവമായി ഇടപെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഒരു പകൽവീടും ഒരു സ്ഥിരം താമസിക്കാനുള്ള വീടും മറവിരോഗികൾക്കായി കേരള സർക്കാർ വിജയകരമായി നടത്തുന്നുണ്ട്.
(എ.ആർ.സി.എസ്.ഐ ദേശീയ കാര്യാലയം ജോയിന്റ് സെക്രട്ടറിയാണ് ലേഖകൻ)