കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ നികുതി വെട്ടിപ്പ് പരാതിയും. ജുവലറി നടത്തിപ്പിന്റെ ഭാഗമായി 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി ജി.എസ്.ടി ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
2017 ജൂലായ് വരെ ജുവലറി കണക്കുകളിൽ നികുതി അടച്ചിട്ടില്ല. തുടർന്ന് പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും അതുമുണ്ടായില്ല. കാസർകോട് ജി.എസ്.ടി ഓഫീസറുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി കാസർകോട് ജില്ലയിലെ ജുവലറികളിൽ പരിശോധന നടക്കാത്തത് മുതലെടുത്താണ് റിട്ടേൺ ഫയൽ ചെയ്യാതിരുന്നത്. ഫാഷൻ ഗോൾഡ് കാസർകോട്, ചെറുവത്തൂർ ജുവലറികളിൽ വിൽപ്പനയ്ക്കായി എത്തിച്ച മുഴുവൻ സ്വർണത്തിനും നികുതി അടച്ചിരുന്നില്ലെന്നും ജൂവലറികളിൽ നിന്ന് 80 കിലോ സ്വർണം കാണാതായിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഡയറക്ടർമാരും ജീവനക്കാരും ഫാഷൻ ഗോൾഡിൽ നിന്ന് സ്വർണം കടത്തിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. അതിനിടെ എം.സി ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ ടി .കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമയ്ക്കൽ, അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കൽ, നിയമവിരുദ്ധമായി കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ക്രൈംബ്രാഞ്ച് ചേർക്കും.നിലവിൽ വിശ്വാസ വഞ്ചന (ഐ.പി.സി 420 ) വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്.
കമ്പനി നിയമങ്ങൾക്ക് വിരുദ്ധമെന്ന് മൊഴി
പണം വാങ്ങിയതും എഗ്രിമെന്റ് ഒപ്പിട്ടു നൽകിയതും കമ്പനി നിയമത്തിന് വിരുദ്ധമായാണെന്ന് ജനറൽ മാനേജർ സൈനുൽ ആബിദീൻ വെളിപ്പെടുത്തിയിട്ടുണ്ട്. പണം വാങ്ങി ഷെയർ സർട്ടിഫിക്കറ്റും എഗ്രിമെന്റും നൽകുന്നത് നിയമവിരുദ്ധമാണെന്ന് ജനറൽ മാനേജർ എം.എൽ.എയോടും പൂക്കോയ തങ്ങളോടും വ്യക്തമാക്കിയിരുന്നു. അതിലൊന്നും യാതൊരു പ്രശ്നവും ഇല്ലെന്നാണ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ മറുപടി. കാസർകോട്, ഹോസ്ദുർഗ് കോടതികളിൽ സമർപ്പിച്ച 13 കേസുകളുടെ എഫ്.ഐ.ആർ പ്രകാരമാണ് ക്രൈംബ്രാഞ്ച് കണ്ണൂർ എസ്. പി. മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.