കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിച്ചതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. 'വിവാദ' ഭൂപടം പാഠപുസ്തകത്തിലും കറൻസിയിലും ഉൾപ്പെടുത്തി. ഇന്ത്യയുമായി അതിർത്തി തർക്കം തുടരുന്നതിനിടെയാണ് നടപടി.
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ഭൂപട പരിഷ്കരണം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
9, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളിലാണ് വിവാദ ഭൂപടം ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഗിരാദ് മണി പോഖരേലാണ് പുസ്തകങ്ങൾക്ക് ആമുഖം എഴുതിയിരിക്കുന്നത്.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങളാണ് നേപ്പാൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തിയത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഉത്തരാഖണ്ഡിലുള്ള ഈ മൂന്നു ഭാഗങ്ങൾ നേപ്പാളിന്റെ ഭാഗമാക്കി പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിൽ ജനപ്രതിനിധി സഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്.