cm-pinarayi-vijayan

തിരുവനന്തപുരം: 'ഖുറാന്റെ മറവിൽ സ്വർണക്കടത്തെ'ന്ന ഒരു ആഖ്യാനം സൃഷ്ടിച്ചത് പ്രതിപക്ഷ പാർട്ടികളായ മുസ്ലിം ലീഗും കോൺഗ്രസുമാണെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ഉയർത്തിയ വാദം അവരെ തിരിഞ്ഞുകുത്തുന്നു എന്നവർ മനസിലാക്കുന്നുണ്ടെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വാദങ്ങളെ പ്രതിപക്ഷം ഏറ്റുപിടിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ആർ.എസ്.എസിന് അവരുടേതായ ലക്ഷ്യമുണ്ടെന്നും അവരും ബി.ജെ.പിയും ഉയർത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗും കോൺഗ്രസും സ്വയം പരിശോധന നടത്തണം. സർക്കാരിനോടുള്ള വിരോധത്തിന്റെ പേരിൽ ഖുറാനെ വിവാദത്തിലാക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതുമൂലം ഖുറാനെ ആദരിക്കുന്നവരുടെ വികാരം കോൺഗ്രസിനെതിരായി. ഇപ്പോൾ ഇക്കാര്യം 'കുറച്ചൊന്ന് തിരിച്ചുകുത്തുന്നു എന്ന് മനസിലാക്കിയപ്പോൾ ചില ഉരുണ്ടുകളികൾ കളിക്കുകയാണ് പ്രതിപക്ഷം. ഏത് കളിയായാലും പറ്റിയ അപകടം തിരിച്ചറിയുന്നത് നല്ലത് തന്നെയാണ്. ഖുറാനെ ആ രീതിയിൽ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. മറ്റ് ഉദേശങ്ങൾക്ക് വേണ്ടി ഖുറാനെ ഉപയോഗിക്കാനും പാടില്ലായിരുന്നു. മുഖ്യമന്ത്രി പറയുന്നു.