ന്യൂഡൽഹി : പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചൈനീസ് ഇന്റലിജൻസ് ഏജൻസികൾക്ക് ചോർത്തി നൽകിയതിന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ രാജീവ് ശർമയെ ഡൽഹി സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ ചൈനീസ് ഇന്റലിജൻസിന് വേണ്ടി പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്ന ക്വിംഗ് ഷി എന്ന ചൈനീസ് സ്ത്രീയേയും ഷെർ സിംഗ് ( രാജ് ബൊഹ്റ) എന്ന നേപ്പാളി പൗരനേയും സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കൈയ്യിൽ നിന്നും നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും രഹസ്യ സ്വഭാവമുള്ള ചില രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇവരുടെ പക്കൽ നിന്നും പ്രതിരോധ രഹസ്യ രേഖകൾ കൈമാറാമെന്ന പേരിൽ രാജീവ് ശർമ വൻ തുക വാങ്ങിയെന്നും സൂചനയുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകളാണ് രാജീവ് ശർമ കൈവശം വച്ചതെന്നാണ് പൊലീസ് പറയുന്നത്. യു.എൻ.ഐ, ദ ട്രിബ്യൂൺ, സ്കാൽ ടൈംസ് എന്നീ മാദ്ധ്യമങ്ങളിലാണ് രാജീവ് ശർമ നേരത്തെ പ്രവർത്തിച്ചിരുന്നത്. അടുത്തിടെയായി ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസിന് വേണ്ടി ഡൽഹിയിൽ നിന്നും ശർമ റിപ്പോർട്ടുകൾ നൽകിയിരുന്നു. രാജീവ് കിഷ്കിന്ദ എന്ന പേരിൽ ഇയാൾക്ക് യൂട്യൂബ് ചാനലുമുണ്ട്. പിതാംപുര സ്വദേശിയായ രാജീവ് ശർമയെ ഡൽഹി പൊലീസിലെ സൗത്ത് വെസ്റ്റേൺ സ്പെഷ്യൽ സെൽ സെപ്റ്റംബർ 14നാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് രാജീവ് ശർമ. ഇയാളുടെ ജാമ്യാപേക്ഷ സെപ്റ്റംബർ 22ന് പാട്യാല ഹൗസ് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
മൈക്കിൾ എന്ന പേരുള്ള ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥനുമായ ശർമയ്ക്ക് ബന്ധമുണ്ടായിരുന്നതായും ഡോക്‌ലാം ഉൾപ്പെടെയുള്ള ഇന്ത്യ - ചൈന - ഭൂട്ടാൻ അതിർത്തി ഭാഗങ്ങളിലെ ഇന്ത്യൻ സേനാവിന്യാസത്തെ സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയെന്നും പൊലീസ് പറയുന്നു. മ്യാൻമർ - ഇന്ത്യാ സേനാ സഹകരണത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഇയാൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തി നൽകിയെന്നാണ് സംശയിക്കുന്നത്. ഓരോ വിവരങ്ങൾ കൈമാറുന്നതിനും ഏകദേശം 500 ഡോളർ വീതം ഇയാൾ കൈപ്പറ്റിയിരുന്നുവെന്നും 2019 ഇത്തരത്തിൽ 30 ലക്ഷം രൂപയാളം ഇയാൾ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. ഹവാല, ഷെൽ കമ്പനികൾ, വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ തുടങ്ങിയവ വഴിയാണ് ഇയാൾ പണം കൈപ്പറ്റിയതത്രെ.
2010- 2014 സമയത്ത് ഗ്ലോബൽ ടൈംസിൽ ശർമ എഴുതിയിരുന്ന കോളങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചൈനയിലെ കുൻമിംഗ് നഗരത്തിൽ നിന്നും മൈക്കൾ എന്നയാൾ ശർമയുമായി ബന്ധപ്പെട്ടത്. തുടർന്ന് ശർമയെ ഇയാൾ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു ചൈനീസ് മാദ്ധ്യമത്തിലേക്കുള്ള ഇന്റർവ്യൂ എന്ന പേരിലാണ് ശർമയെ ചൈനയിൽ എത്തിച്ചത്. ഇതിന്റെ ചെലവുകളെല്ലാം വഹിച്ചിരുന്നത് മൈക്കൾ ആണ്. ഇവിടെ വച്ചാണ് മൈക്കിളും അയാളുടെ കീഴുദ്യോഗസ്ഥനായ ക്സോ എന്നയാളും ശർമയോട് ഇന്ത്യ - ചൈന ബന്ധത്തെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. 2016 - 2018 സമയത്ത് മൈക്കളുമായി ശർമയ്ക്ക് ബന്ധമുണ്ടായിരുന്നു. ലാവോസ്, മാലിദ്വീപ് എന്നിവിടങ്ങളിൽ വച്ച് ഇവർ കണ്ടുമുട്ടിയിട്ടുണ്ട്. കൂടാതെ ഇ - മെയിൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെയും ഇവർ പരസ്പരം വിവരങ്ങൾ കൈമാറിയിരുന്നു.
2019 ജനുവരിയിൽ കുൻമിംഗ് നഗരത്തിൽ തന്നെയുള്ള ജോർജ് എന്ന പേരിലെ ചൈനീസ് ഉദ്യോഗസ്ഥനെയും ശർമ പരിചയപ്പെട്ടു. കാഠ്മണ്ഡു വഴിയാണ് ശർമ ജോർജിനെ കാണാൻ കുൻമിംഗിൽ എത്തിയത്. ഇവിടെ വച്ച് ദലൈലാമയെ സംബന്ധിച്ച വിവരങ്ങൾ എഴുതാനും തങ്ങൾക്ക് കൈമാറാനും ജോർജ് ശർമയോട് ആവശ്യപ്പെട്ടു. ഒരു ചൈനീസ് മീഡിയ കമ്പനിയുടെ ജനറൽ മാനേജർ എന്ന പേരിലാണ് ജോർജ് പരിചയപ്പെടുത്തിയത്. ഓരോ ആർട്ടിക്കിളിനും 500 ഡോളർ വീതം പ്രതിഫലം വാഗ്ദാനം ചെയ്തു. പ്രതിഫലം സൗത്ത് ഡൽഹിയിലെ മഹിപാലിപൂരിൽ പ്രവർത്തിക്കുന്ന സഹോദര സ്ഥാപനം വഴി കൈമാറുമെന്ന് ജോർജ് പറഞ്ഞിരുന്നു. കള്ളപ്പേരുകളിൽ പരിചയപ്പെടുത്തിയ ചൈനീസ് ദമ്പതികളുടേതായിരുന്നു ഈ കമ്പനി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മേൽനോട്ടമായിരുന്നു ഇപ്പോൾ അറസ്റ്റിലായ ചൈനീസ് പൗര ക്വിംഗ് ഷിയും നേപ്പാൾ പൗരൻ രാജ് ബൊഹ്റയും വഹിച്ചിരുന്നത്.