covid-vaccine

പൂനെ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. പൂനെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാകും മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിക്കുക.


കൊവീഷില്‍ഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ആരംഭിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരിലാണ് പരീക്ഷണം നടക്കുക.150 മുതല്‍ 200ഓളം സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷണടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കും. ചിലപ്പോള്‍ തിങ്കളാഴ്ച മുതല്‍ വാക്സിന്‍ ഡോസ് നല്‍കുമെന്നും സാസൂണ്‍ ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധര്‍ വ്യക്തമാക്കി. ഓക്സ്ഫഡ് സര്‍വകലാശാല തയ്യാറാക്കിയ വാക്സിന്‍ ഡോസ് കുത്തിവെച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മരുന്ന് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 15ഓടെയാണ് ഡി.സി.ജി.ഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഓക്സ്ഫഡ് പരീക്ഷണങ്ങളുമായി രാജ്യം മുന്നോട്ട് നീങ്ങുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന നിലയിലുള്ളത്.


ലോകത്ത് ഏറ്റവുമധികം കൊവിഡ് മുക്തി ഇന്ത്യയിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 42 ലക്ഷം പേര്‍ രാജ്യത്ത് കൊവിഡിനെ അതിജീവിച്ചു. ഏറ്റവുമധികം കൊവിഡ് കേസുകള്‍ നിലവിലുള്ള അമേരിക്കയില്‍ 41 ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 79.28 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തിയുടെ നിരക്കെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡ് വ്യാപന നിരക്ക് ജൂലായില്‍ 7.5 ശതമാനമായിരുന്നെങ്കില്‍ നിലവില്‍ അത് 10.58 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.