മലയാളികളുടെ സ്വന്തം സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാല്‍ അടുത്തിടെ ആയുര്‍വേദ ചികിത്സയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദൃശ്യം 2 ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ആയുര്‍വേദ ചികിത്സയ്ക്കിടയിലെ ഒരു ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെച്ചിരിക്കുകയാണ്.
പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജിലാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയിട്ടുള്ളത്. തലയില്‍ കെട്ടോടെയുള്ള ചിത്രങ്ങളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രവും തലയില്‍ കെട്ടും നെറ്റിയില്‍ കുറിയുമായി മുകളിലേക്ക് നോക്കി യോഗമുദ്രയുമായി നില്‍ക്കുന്നതാണ്.
ഏറെ ഏകാഗ്രതയോടെ മുകളിലേക്ക് നോക്കി നില്‍ക്കുന്നൊരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തായ ഷമീര്‍ ഹംസയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ അടുത്തിടെ ആയുര്‍വേദ ചികിത്സയ്ക്ക് തൃശൂരില്‍ പെരിങ്ങോട്ടുകരയില്‍ എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ മുമ്പ് ഫാന്‍സ് ഗ്രൂപ്പുകളില്‍ എത്തിയിരുന്നു. അഹം, ഗുരു എന്നീ സിനിമകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നതെന്നാണ് ഒരു ആരാധകന്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.