ശ്രീനഗർ : കൊവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജമ്മു കാശ്മീരിൽ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ലഫ്. ഗവർണർ മനോജ് സിൻഹയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജ് പ്രകാരം ഒരു വർഷത്തേക്ക് ജമ്മു കാശ്മീരിലെ എല്ലാ മേഖലകളിലുള്ളവർക്കും വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലിൽ 50 ശതമാനം ഇളവ് ലഭിക്കും. 105 കോടിയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1,400 കോടിയുടെ പാക്കേജിന് പുറമേയാണ് ഇപ്പോഴത്തെ പാക്കേജെന്നും വ്യവസായ മേഖലയെ പുനഃരുജ്ജീവിപ്പിക്കാനായി പുതിയ വ്യവസായ നയം ഉടൻ പ്രഖ്യാപിക്കുമെന്നും സിൻഹ പറഞ്ഞു.
സ്റ്റാമ്പ് ഡ്യൂട്ടി 2021 മാർച്ച് വരെ ഒഴിവാക്കിയതായി പാക്കേജിൽ നിർദ്ദേശിക്കുന്നു. സാധാരണക്കാരുടെയും കർഷകരുടെയും പ്രയോജനം ലക്ഷ്യമിട്ട് സൂഷ്മ വ്യവസായങ്ങൾക്ക് മുതൽ ഇടത്തരം വ്യവസായങ്ങൾ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലും ഒരു വർഷത്തെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വ്യവസായികൾക്കും വായപാ പലിശയിൽ ആറ് മാസത്തേക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും.
കാശ്മീർ വിഭജനത്തെ തുടർന്ന് പ്രദേശത്തെ സാമ്പത്തിക രംഗത്ത് കാര്യമായ നഷ്ടം ഉണ്ടായിരുന്നു. കൊവിഡിന്റെ വരവോടെ അത് ഇരട്ടിയായി. ജമ്മു കാശ്മീരിൽ നില്നില്ക്കുന്ന മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഇ - കൊമേഴ്സ് മേഖലയേയും ബാധിച്ചു. ടാക്സി - ഓട്ടോറിക്ഷാ ഡ്രൈവർമാർ, ഹൗസ്ബോട്ട് ഉടമകൾ തുടങ്ങിയവർക്കുള്ള ആനുകൂല്യങ്ങൾ മറ്റൊരു പ്രത്യേക പാക്കേജിലൂടെ ഉടൻ പ്രഖ്യാപിക്കുമെന്ന് സിൻഹ വ്യക്തമാക്കി.