parvathy

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അഭിനേതാക്കളും കേസിലെ പ്രോസിക്യൂഷൻ സാക്ഷികളുമായ ഭാമ, സിദ്ദിഖ് എന്നിവർ തങ്ങളുടെ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി നടിയും ഡബ്‌ള്യു.സി.സി ഭാരവാഹിയുമായ പാർവ്വതി തിരുവോത്ത്. ആക്രമണത്തെ അതിജീവിച്ച നടി കഴിഞ്ഞ മൂന്ന് വർഷങ്ങളായി കടുത്ത മാനസിക സമർദ്ദത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിക്കുന്നതെന്നും സുഹൃത്തെന്ന് കരുതിയ ആൾ പോലും കൂറ് മാറിയതിന്റെ ഷോക്കിലാണ് താനെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പാർവ്വതി പറയുന്നു. 'ഉദാസീനതയാണ് ഒരാളെ അന്ധനാകുന്നതെ'ന്ന അമേരിക്കൻ സാഹിത്യകാരൻ ജെയിംസ് ബാൾഡ്വിന്റെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്. കേസിൽ സിദ്ദിഖിനും ഭാമയോടും ഒപ്പം ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവരും തങ്ങളുടെ മൊഴികളിൽ മാറ്റം വരുത്തിയിരുന്നു.

പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'ഏത് സാഹചര്യത്തിലായാലും ഒരു കാര്യം ഉറപ്പാണ്. അജ്ഞത അധികാരവുമായി കൈകോർക്കുമ്പോഴാണ് നീതിക്ക് അതിന്റെ ഏറ്റവും ക്രൂരനായ എതിരാളിയോട് ഏറ്റുമുട്ടേണ്ടി വരിക. സ്നേഹമോ ഭീതിയോ ആരെയും അന്ധരാകാറില്ല. ഉദാസീനതയാണ് ഒരാളെ അന്ധനാക്കുന്നത് - ജെയിംസ് ബാൾഡ്വിൻ

അതിജീവിച്ചവൾ, കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത യാതനയും നിരന്തരമായ മാനസിക സംഘർഷങ്ങളും നേരിടുകയായിരുന്നു. അതിനിടയിലും അവൾ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും നീതിക്കായി പോരാടുന്നത് നാം കണ്ടതാണ്. അത് പരിപൂർണമായ പീഡനം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ സാക്ഷികൾ ശത്രുക്കളായി മാറുന്നത് കണ്ട് ഞാൻ നടുങ്ങുന്നു. പ്രത്യേകിച്ചും, സുഹൃത്തായി കരുതിയിരുന്ന ആൾ പോലും അത്തരത്തിൽ പ്രവർത്തിച്ചതിൽ. ഹൃദയഭേദകമാണത്. എന്നിരുന്നാലും, നീതിക്കായുള്ള അവളുടെ പോരാട്ടം വിജയിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അവളോടൊപ്പമാണ് നിൽക്കുന്നത്. അവൾക്കൊപ്പം.'