ഇഞ്ചി അടുക്കളമുറ്റത്ത് വളർത്തുന്നവരെല്ലാം ഇഞ്ചി അടർത്തിയെടുത്ത് ഇല കളയുകയാണ് പതിവ്. ഔഷധ ഗുണം അറിഞ്ഞാൽ ഇനിയാരും ഇഞ്ചിയില കളയില്ല. ചൂടുവെള്ളത്തിൽ ഇഞ്ചിയില 20 മിനിട്ട് ഇട്ടുവയ്ക്കുക, ശേഷം എടുത്തു മാറ്റി നാരങ്ങാനീരും തേനും ചേർത്ത് കഴിച്ചാൽ ഉന്മേഷം വർദ്ധിക്കുന്നു.
വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങൾക്കും ഗ്യാസ്ട്രബിളിന്റെ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇഞ്ചിയില. സന്ധിവാതപ്രശ്നങ്ങൾ അകറ്റാൻ ഇല ജ്യൂസടിച്ച് കുടിക്കുന്നത് നല്ലതാണ്. ഇഞ്ചിയിലകൾക്ക് അണുബാധകളെ ചെറുക്കാനുള്ള കഴിവുണ്ട്. സാധാരണയായി വരാറുള്ള പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കാം.
ചൈനീസ് ഔഷധങ്ങളിൽ ആർത്തവവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ ഇഞ്ചിയില ഉപയോഗിക്കാറുണ്ട്. ഇഞ്ചിയില ഉണക്കിപൊടിച്ച് കഴിക്കുന്നത് വൻകുടലിലെ കാൻസർ സെല്ലുകളെ നശിപ്പിക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. പല്ലുവേദന ശമിപ്പിക്കാനും ഉത്തമം. സൂപ്പിലും ചായയിലും ചേർത്തും ഇഞ്ചിയില ഉപയോഗിക്കാം.