uv-rays-

വാഷിംഗ്ടൺ: കൊവിഡ് വെെറസിന് എതിരായി ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്താനുളള ശ്രമത്തിലാണ് ലോകമെമ്പാടുമുുളള ഗവേഷകർ. ഇതിനിടെയാണ് കൊവിഡിന് കാരണമാകുന്ന വെെറസുകളെ നശിപ്പിക്കുന്ന അൾട്രാ വയലറ്റ് രശ്മികളെ കണ്ടെത്തിയതായി യു.എസിൽ നിന്നും പഠന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 222 നാനോമീറ്ററുകളുടെ തരംഗദൈർഘ്യമുള്ള യു.വി പ്രകാശ രശ്മികളാണ് കൊവിഡ് വെെറസുകളെ നശിപ്പിക്കുമെന്ന് കണ്ടെത്തിയത്. മനുഷ്യ ശരീരത്തിൽ ഈ തരംഗങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.

അമേരിക്കൻ ജേണൽ ഓഫ് ഇൻഫക്ഷൻ കൺട്രോളിലാണ് കൊവിഡ് വെെസുകളെ നശിപ്പിക്കുന്ന യു.വി രശ്മികളെ പറ്റിയുളള പഠനം പ്രസിദ്ധീകരിച്ചത്. "222 എൻ‌.എം യു‌.വി‌.സി രശ്മികൾ 254 എൻ‌.എം യു‌വി‌സി രശ്മികളെക്കാൾ സുരക്ഷിതമാണ്.കാരണം ഈ വിദൂര യു.വി പ്രകാശത്തിന് കണ്ണിലോ മനുഷ്യ ശരീരത്തിലോ തറച്ചുകയറാൻ സാധിക്കില്ല" പഠനത്തിൽ പറയുന്നു.

കൊവിഡ് വൈറസ് അടങ്ങിയ 100 മൈക്രോലിറ്റർ ലായനികൾക്ക് മുകളിലായി 24 സെൻറി മീറ്റർ ദൂരത്തിൽ യു.വി ലാമ്പ് വച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. 99.7 ശതമാനം കൊവിഡ് വെെറസുകളും 30 സെക്കഡിനുളളിൽ നശിച്ചുപോയതായും ഗവേഷകർ പറഞ്ഞു. മനുഷ്യന്റെ കണ്ണിന്റെയും ചർമ്മത്തിൻറെയും പുറം, ജീവനില്ലാത്ത പാളിയിലേക്ക് തുളച്ചുകയറുന്നതിൽ ഈ യു.വി രശ്മികൾ പരാജയപ്പെട്ടതായും കണ്ടെത്തി. ഇതിനാൽ ഇവ മനുഷ്യരിൽ ദോഷങ്ങളുണ്ടാക്കില്ലെന്നും ഗവേഷകർ പറഞ്ഞു.