ന്യൂഡൽഹി: കാർഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകൾ കേന്ദ്രസർക്കാർ ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും. ലോക്‌സഭ പാസാക്കിയ ബില്ലുകൾക്കെതിരെ രാജ്യത്ത് കർഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ലുകൾ രാജ്യസഭയിലും പാസാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം.
കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചിരുന്നു. ബില്ലിനെ എതിർത്ത് വോട്ടുചെയ്യാൻ ടി.ആർ.എസ് ഉൾപ്പടെയുള്ള പാർട്ടികളും തീരുമാനിച്ചിട്ടുണ്ട്. സമവായം ഉണ്ടാക്കാൻ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ഇന്നലെ ചർച്ച നടത്തിയിരുന്നു.
135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ബില്ല് എത്തുന്നതോടെ രാജ്യസഭയിൽ ഇന്ന് വലിയ പ്രതിഷേധത്തിന് തന്നെയാണ് സാദ്ധ്യത. പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഹരിയാനയിലെ റോത്തഖിലും പൽവലിലും ഇന്ന് കർഷക റാലികൾ നടക്കും.