narendra-modi

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാൻ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. അടുത്തഘട്ട സാമ്പത്തിക പാക്കേജ് സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ യോഗത്തിൽ കേന്ദ്രസർക്കാരിനെ അറിയിക്കും.

പ്രതീക്ഷിച്ചതിനെക്കാൾ വലിയ തോതിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം കടക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രം നോക്കികാണുന്നത്. രോഗബാധിതരാകുന്നവരിൽ നിരവധി പേർക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ തുടർന്നും നേരിടേണ്ടി വരുന്നത് അടക്കമുളള കാര്യങ്ങളിൽ കൂടിയാലോചനകൾ ഉണ്ടാകും. ഇതിനൊപ്പം അടുത്ത അൺലോക്ക് ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തിൽ ചർച്ചയാകും.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 1,247 പേർ പുതുതായി മരിച്ചതോടെ മരണസംഖ്യ 85,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 79 ശതമാനം കടന്നത് ആശ്വാസമായി.