തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ബ്രിജിയാണ് മരിച്ചത്. 38 വയസായിരുന്നു. സംസ്ഥാനത്ത് ഇന്നലെ 4644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും ഉയർന്ന പ്രതിദിനരോഗികളുടെ എണ്ണവും മരണസംഖ്യയുമാണ് ഇന്നലത്തേത്. ഇന്നലെ രോഗബാധിതരായവരിൽ 3781 പേർ സമ്പർക്കരോഗികളാണ്. 498 പേരുടെ ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
അതേസമയം ചികിത്സയിലായിരുന്ന 2862 പേർ രോഗമുക്തരായി. തലസ്ഥാനത്താണ് രോഗികൾ ഏറ്റവും കൂടുതൽ. ജില്ലയിൽ 824 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റെല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.