തിരുവനന്തപുരം: അൽ ക്വ ഇദ ഭീകരർ കേരളത്തിൽ പിടിയിലാവുന്നത് ആദ്യമായി. കേരളത്തിൽ ഐസിസ് ഭീകരസംഘം ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് പൊലീസും കേന്ദ്രഏജൻസികളും ജാഗ്രത പുലർത്തുന്നതിനിടെയാണ് മൂന്ന് അൽ ക്വ ഇദ ഭീകരരെ കൊച്ചിയിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഐക്യരാഷ്ട്രസഭയും കേന്ദ്രസർക്കാരും അമേരിക്കൻ ചാരസംഘടനകളുമെല്ലാം കേരളം, കർണാടകം എന്നിവിടങ്ങളിലെ ഐസിസ് സാന്നിദ്ധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോഴാണ് പൊലീസിന് ഇതുവരെ ഒരു വിവരവുമില്ലാതിരുന്ന അൽ ക്വ ഇദക്കാർ പിടിയിലായത്.
പാലക്കാട് ഒലവക്കോട് സ്വദേശി അബുതാഹിർ അൽ ക്വ ഇദയുടെ സിറിയൻ വിഭാഗമായ ജബായത്ത് അൽനുസ്റയിൽ ചേർന്നതായി എൻ. ഐ. എ കണ്ടെത്തിയിരുന്നു. മാദ്ധ്യമസ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 2013ൽ വിദേശത്തേക്ക് പോയ ഇയാൾ താഹിർ ഹസൻ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. വെബ്സൈറ്റ് കണ്ടെത്തി എൻ.ഐ.എ വീട്ടിലെത്തിയതോടെ പിൻവലിച്ചു. സിറിയയിൽ നിന്ന് ഇയാൾ ബന്ധുക്കളെ വിളിച്ചിരുന്നു. ഇന്ത്യയിൽ സായുധസേനാവിഭാഗം രൂപീകരിക്കാനുളള സന്ദേശങ്ങൾ പ്രചരിപ്പിച്ച ഇയാൾ 2017 ഏപ്രിലിൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഇക്കാര്യം എൻ.ഐ.ഐ സ്ഥിരീകരിച്ചിട്ടില്ല.
മറ്റൊരു മലയാളി, കോഴിക്കോട് സ്വദേശി റിയാബ് അലി യു.എ.ഇയിലെ റാസൽ ഖൈമയിൽ നിന്ന് സിറിയയിൽ എത്തി അൽ ക്വ ഇദയിൽ ചേർന്നതായും കണ്ടെത്തി. യു.എ.ഇയിൽ പഠിച്ചുവളർന്ന റിയാബിനെ അവിടെ കാണാതാവുകയായിരുന്നു. യെമൻ, തുർക്കി വഴി സിറിയയിലേക്ക് കടന്നതായി യു.എ.ഇ പൊലീസാണ് കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഭീകരസംഘടനയുമായി ബന്ധപ്പെട്ടത്. റിയാബിനെതിരെ കേരള പൊലീസെടുത്ത കേസ് എൻ.ഐ.എക്ക് കൈമാറിയിട്ടുണ്ട്.
ഭീകരരുടെ സ്ലീപ്പർസെല്ലുകൾക്ക് കേരളം സുരക്ഷിത താവളമാണ്. ആസാമിലെ ബോഡോ തീവ്രവാദികളും പെരുമ്പാവൂരിൽ ഒളിച്ചുകഴിഞ്ഞിട്ടുണ്ട്. ഫോൺവിളികൾ പിന്തുടർന്നാണ് കേന്ദ്ര ഏജൻസികൾ ഇവരെ പിടികൂടുന്നത്. കേരളത്തിൽ പണമടക്കം സഹായം ഇവർക്കെല്ലാം കിട്ടുന്നുണ്ടെന്നാണ് പറയുന്നത്.
പിടികൂടാൻ 'ഓപ്പറേഷൻ ചക്രവ്യൂഹ '
ഭീകരർ തങ്ങളുടെ പരിധിക്ക് പുറത്തുള്ളവരുമായി ബന്ധപ്പെടും. ഇവരുടെ രഹസ്യ ഇടപാടുകൾ കണ്ടെത്താൻ വിദേശ ഏജൻസികളുമായി ചേർന്ന് 'ഓപ്പറേഷൻ ചക്രവ്യൂഹ" എന്ന നിരീക്ഷണസംവിധാനം ഐ.ബിക്കും എൻ.ഐ.എയ്ക്കുമുണ്ട്.സാമൂഹ്യമാദ്ധ്യമങ്ങളിലെ ഡേറ്റാ വിശകലനം ചെയ്ത് ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്ന സോഫ്റ്റ്വെയറുണ്ട്. സന്ദേശങ്ങൾ ഡീ - കോഡ് ചെയ്യാനും ഉറവിടം കണ്ടെത്താനും കഴിയും. ഇവരെ നിരീക്ഷിച്ച് പ്രശ്നക്കാരാണെന്ന് കണ്ടാൽ അറസ്റ്റുചെയ്യും. സംശയാസ്പദമായ സൈബർ ബന്ധങ്ങളുള്ള 140പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഭീകര സംഘടനകളുമായി ബന്ധം പുലർത്തിയ 11മലയാളികളടക്കം 19 ഇന്ത്യക്കാർ യു.എ.ഇയിൽ തടവിലുണ്ട്. വിനോദസഞ്ചാരികളെന്ന വ്യാജേന ഐസിസിൽ ചേരാൻ പോയ മുപ്പതോളം പേരെ തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.കേരളത്തിൽ നിന്ന് മലയാളി യുവതികളടക്കം ഐസിസ് പോലുളള ഭീകരസംഘടനകളിൽ അംഗമാകാൻ നാടുവിട്ടിട്ടുണ്ട്.