surendran

തിരുവനന്തപുരം: മുഖ്യമന്ത്രി വർഗീയ രാഷ്ട്രീയം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വർഗീയ കലാപം ലക്ഷ്യമിടാനാണ് ശ്രമിക്കുന്നതെന്നും ജനശ്രദ്ധ തിരിക്കാൻ മതത്തിന്റെ മാർഗം സ്വീകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

'ഖുറാന്റെ പേരിൽ പിണറായി വിജയൻ നീചമായ വർ​ഗീയ രാഷ്ട്രീയം കളിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. നാടിന്റെ സാമുദായിക സൗഹൃദം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നത് ഭരണഘടനാലംഘനമാണ്. ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയും സർക്കാരും വികാരം ഒരുകൂട്ടർക്ക് മാത്രം ഉളളതാണോയെന്ന് വ്യക്തമാക്കണം. ശബരിമലയിൽ കോടാനുകോടി വിശ്വാസികളുടെ വികാരത്തെ പൊലീസിനെ ഉപയോ​ഗിച്ച് വ്രണപ്പെടുത്തിയ ആളാണ് പിണറായി വിജയൻ. ദേവസ്വം മന്ത്രി കടകംപളളി​ ​ഗുരുവായൂരിൽ തൊഴുതതിനെ ശാസിച്ച പാർട്ടിയാണ് മുഖ്യമന്ത്രിയുടേത്. പാലക്കാട് മകൻ ശബരിമലയ്ക്ക് മാലയിട്ടതിന് സി ഐ ടി യു നേതാവിനെ പുറത്താക്കിയപ്പോഴും പാറശാലയിൽ മാലയിട്ടതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയപ്പോഴും പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ മാലയിട്ടതിന്റെ പേരിൽ പാർട്ടിക്കാർക്കെതിരെ നടപടിയെടുത്തപ്പോഴും വികാരം എവിടെപ്പോയി'- സുരേന്ദ്രൻ ചോദിച്ചു.

'ഖജനാവിലെ പണം ഉപയോ​ഗിച്ച് വനിതാമതിൽ കെട്ടി ഒരു ജനവിഭാ​ഗത്തിന്റെ മതവികാരം ചവിട്ടിമെതിച്ചവർ ഇപ്പോൾ ഖുറാന്റെ പേരും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നേതൃത്വത്തിന്റെ ഈ ഇരട്ടത്താപ്പിനെക്കുറിച്ച് മാ‌ർകിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കൾ ചിന്തിക്കണം. അവരാണല്ലോ പാർട്ടിയെ താങ്ങിനിർത്തുന്നത്. അവർക്കാർക്കും വിചാര-വികാരങ്ങളില്ലേ? അതോ അവർ പാർട്ടിയുടെ അടിമകൾ മാത്രമാണോ?. ക്രൈസ്തവ സഭകൾ തമ്മിലുളള പളളി​ത്തർക്കത്തിലും മുഖ്യമന്ത്രി വിശ്വാസത്തെയോ വിശ്വാസികളുടെ വികാരത്തെയോ മാനിക്കുന്നില്ല. മുഖ്യമന്ത്രി പച്ചയ്ക്ക് വർ​ഗീയത പറഞ്ഞതോടെ യു.ഡി.എഫ് ജലീലിനെതിരെയുളള സമരത്തിൽ നിന്ന് ഭയന്ന് പിൻമാറുകയാണ്. സി.പി.എം കുഴിച്ച കുഴിയിൽ യു.ഡി.എഫ് വീണു. വിശുദ്ധ ​ഗ്രന്ഥത്തെ അപമാനിച്ചത് ഭരിക്കുന്നവരാണ്'-സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.


ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ​ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണ് അതിനെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം മിണ്ടാത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷനിലെ കമ്മീഷനിൽ പങ്ക് പറ്റിയത് മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് പറഞ്ഞതുകൊണ്ടാണ് തനിക്കെതിരെ പിണറായി ഹാലിളകി വന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തുന്ന എല്ലാ ഉദ്ഘാടന പരിപാടികളും ബി.ജെ.പി ബഹിഷ്ക്കരിക്കും. ജലീൽ വിഷയവും സർക്കാരിന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ അറി​യി​ച്ചു.