ടോക്കിയോ: പരമ്പരാഗത രൂപകല്‌പനയിൽ പുത്തൻ ചേരുവകളും ചേർത്ത് നിസാൻ ഒരുക്കുന്ന സ്പോർട്‌സ് കാറായ 'ഇസഡിന്റെ" പ്രോട്ടോട്ടൈപ്പ് യോകോഹാമയിലെ നിസാൻ പവലിയനിൽ നടന്ന ചടങ്ങിൽ ഓൺലൈനായി അവതരിപ്പിച്ചു. പഴയ 'Z" മോഡലുകളിൽ നിന്നാണ് പുത്തൻ മോഡലിനുള്ള രൂപകല്‌പന നിസാൻ കടംകൊണ്ടിട്ടുള്ളത്.
240 ഇസഡിലെ ഹെഡ്‌ലാമ്പുകളും ബോണറ്റും ഓർമ്മപ്പെടുത്തുന്നതാണ് മുൻഭാഗം. സി പില്ലറും (മേൽക്കൂരയിൽ പിന്നോട്ട് ചരിഞ്ഞഭാഗം) കൂപ്പേ സ്‌റ്റൈലും 240 ഇസഡിൽ നിന്നുതന്നെ. മുന്നിലെ ബമ്പറും എയർ ഇൻടേക്കുകളും 350 ഇസഡിനുള്ള 'സ്മരണ"യായി കാണാം. ഉളിയിൽ കൊത്തിയെടുത്ത പോലെയാണ് പുറംമോടിയിലെ ഓരോ ഭാഗവും ഒരുക്കിയിട്ടുള്ളത്.
പുറംഭാഗത്ത് പാരമ്പര്യപ്പെരുമ കാണാമെങ്കിലും പുത്തൻ ഇസഡിന്റെ അകത്തളം നേരെ വിപരീതമാണ്; അത്യാധുനിക ചേരുവകളാണ് എവിടെയും. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, 9 ഇഞ്ച് ഇൻഫോടെയ്‌ൻമെന്റ് സ‌്ക്രീൻ, വലിയ ഇസഡ് ലോഗോയോട് കൂടിയ സ്‌റ്റിയറിംഗ് വീൽ, ലെതറും അൽകാന്ററയും കോർത്തിണക്കിയ സീറ്റുകൾ, അതിൽ മഞ്ഞ തുന്നൽ, ഡാഷ് ബോർഡിന് മുകളിലായി ഇടംപിടിച്ച ഗേജുകൾ എന്നിവയും കാണാം.
400Z
2021ൽ പുത്തൻ ഇസഡ് വിപണിയിൽ എത്തിയേക്കും; 400 ഇസഡ് എന്ന പേരിൽ. നിലവിലെ ഇസഡ് സീരീസിന് വില ആരംഭിക്കുന്നത് ഏകദേശം 23 ലക്ഷം രൂപയിലാണ്. പുത്തൻ ഇസഡിന് 30 ലക്ഷം രൂപ പ്രതീക്ഷിക്കാം.
400HP
3.0 ലിറ്റർ, ട്വിൻ-ടർബോ, വി-6 എൻജിൻ പ്രതീക്ഷിക്കാം. 400 എച്ച്.പി ആയിരിക്കും കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.8 സെക്കൻഡ് മതിയാകും.