ഇടുക്കി: കുത്തൊഴുക്കുളള പുഴയിലെ പാലത്തിനടിയിൽ കുടുങ്ങിപ്പോയ വൃദ്ധനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ബൈസൺവാലി സ്വദേശി ബേബിച്ചനെയാണ് രക്ഷപ്പെടുത്തിയത്. രാത്രിയിൽ പാലത്തിന്റെ ഭിത്തിയിലാണ് ഇയാൾ കിടന്നുറങ്ങിയത്. നല്ല ഉറക്കത്തിലായതോടെ കനത്തമഴയിൽ പുഴയിൽ വെളളംപൊങ്ങിയതും ഒഴുക്കിന്റെ ശക്തികൂടിയതുമൊന്നും ബേബിച്ചൻ അറിഞ്ഞില്ല. ഉണർന്നപ്പോഴാണ് കുടുങ്ങിപ്പോയെന്ന് മനസിലായത്.
പാലത്തിനടിയിൽ നിൽക്കുന്ന ബേബിച്ചനെ കണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തുടർന്ന് അടിമാലി, മൂന്നാർ ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് വല ഉപയോഗിച്ച് ബേബിച്ചനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അധികൃതർ പറയുന്നത്.