തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ ഓഫീസിലെ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വൈകും. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം ലഭിക്കാത്തതിനെ തുടർന്നാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നത്. അതേസമയം തീപ്പിടിത്തത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഫോറൻസിക് പരിശോധനാഫലവും കെമിക്കൽ പരിശോധനാഫലവും ലഭിക്കാത്തതിനാലാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ മൊഴികളിൽ വൈരുദ്ധ്യവുമില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിഭാഗം കണ്ടെത്തിയ കാരണങ്ങളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ നിഗമനം ഉറപ്പിക്കുവാൻ സാധിക്കുകയുള്ളൂ.
തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് തലത്തിലുള്ള അന്വേഷണങ്ങളാണ് സർക്കാർ നിശ്ചയിച്ചത്. ചീഫ് സെക്രട്ടറി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. അട്ടിമറി സാദ്ധ്യതകൾ തള്ളുന്നതായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.