കൊച്ചി: ഇന്ത്യൻ വാഹന ലോകത്ത് ഏറ്റവുമധികം വില്പന വളർച്ച നേടുന്ന കോംപാക്‌റ്റ് എസ്.യു.വി ശ്രേണിയിൽ പുതിയ പോരാട്ടത്തിന് തുടക്കമിടാൻ കിയയുടെ സോണറ്റ് എത്തി. നിലവിൽ ഈ ശ്രേണിയിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുന്നിലുള്ളത് ഒട്ടനവധി ചോയിസുകളാണ്; പുതിയ ഫീച്ചറുകളും സ്‌റ്റൈലും മികച്ച പെർഫോമൻസും ആയുധമാക്കിയാണ് ഈ സാഹചര്യത്തിൽ മുന്നേറാൻ സോണറ്റ് വരുന്നത്.
മൂന്ന് എൻജിൻ ഓപ്‌ഷനുകളും നാല് ഗിയർ ട്രാൻസ്‌മിഷൻ ചോയിസുകളും സോണറ്റിനുണ്ട്; ആറു വേരിയന്റുകളും. മനോഹരവും സ്‌പോർട്ടീ ഫീച്ചറുകളോട് കൂടിയതുമാണ് രൂപകല്‌പന. മുന്നിൽ പുലിയുടെ മൂക്ക് പോലെ തോന്നിക്കുന്ന സിഗ്‌നേച്ചർ ഗ്രിൽ, ഹെഡ്‌ലാമ്പും ഡേടൈം റണ്ണിംഗ് ലൈറ്റും എൽ.ഇ.ഡി., പ്രൊജക്‌ടർ ഫോഗ് ലാമ്പ്, എൽ.ഇ.ഡി ടെയ്‌ൽലാമ്പ്, 16-ഇഞ്ച് ക്രിസ്‌റ്റൽ കട്ട് അലോയ് വീലുകൾ എന്നിവയും എട്ട് മോണോടോൺ, മൂന്ന് ഡ്യുവൽടോൺ നിറഭേദങ്ങളും ചേർന്ന് ആകർഷകമാണ് പുറംമോടി.
10.25 ഇഞ്ച് എച്ച്.ഡി ടച്ച്സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനമാണ് അകത്തളത്തിലെ മുഖ്യ ആകർഷണം. ഡി-കട്ട് സ്‌റ്റിയറിംഗ് വീൽ, 4.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, വെന്റിലേറ്റഡ് ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, സബ്-വൂഫറോട് കൂടിയ ബോസിന്റെ 7-സ്‌പീക്കർ സിസ്‌റ്റം, എൽ.ഇ.ഡി സൗണ്ട് മൂഡ് ലൈറ്റിംഗ്, സ്‌മാർട് ഫ്യുവർ എയർ പ്യൂരിഫയർ, വയർലെസ് സ്‌മാർട്ഫോൺ ചാർജിംഗ് എന്നിങ്ങനെ മികവുകൾ ധാരാളം.
റിമോട്ട് സ്‌റ്റാർട്ട്, ക്ളൈമറ്റ് കൺട്രോൾ തുടങ്ങി 57 മികവുറ്റ ഫീച്ചറുകളുള്ള യു.വി.ഒ ടെക്‌നോളജിയും കിയ സോണറ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വേരിയന്റുകൾ
എച്ച്.ടി.ഇ., എച്ച്.ടി.കെ., എച്ച്.ടി.കെ പ്ളസ്, എച്ച്.ടി.എക്‌സ്., എച്ച്.ടി.എക്‌സ് പ്ളസ്., ജി.ടി.എക്‌സ് പ്ളസ് വകഭേദങ്ങൾ കിയ സോണറ്റിനുണ്ട്. പെട്രോൾ, ഡീസൽ വിഭാഗങ്ങളിലായി മൊത്തം 15 പതിപ്പുകൾ.
₹6.71 ലക്ഷം
ബേസ് മോഡലായ എച്ച്.ടി.ഇക്ക് 6.71 ലക്ഷം രൂപയും ടോപ് മോഡലായ ജി.ടി.എക്‌സ് പ്ളസിന് 11.99 ലക്ഷം രൂപയുമാണ് വില.
എൻജിൻ
1.0 ലിറ്റർ പെട്രോൾ 5എം.ടി., 1.0 ലിറ്റർ ടി-ജി.ഡി.ഐ 6ഐ എം.ടി., 1.0 ലിറ്റർ ടി-ജി.ഡി.ഐ 7ഡി.സി.ടി., 1.5 ലിറ്റർ ഡീസൽ 6എം.ടി., 6എ.ടി എൻജിൻ ഓപ്‌ഷനുകളുണ്ട്.
24.1kmpl
ലിറ്ററിന് 18.2 കിലോമീറ്റർ മുതൽ 24.1 കിലോമീറ്റർ വരെയാണ് അവകാശപ്പെടുന്ന മൈലേജ്.
എതിരാളികൾ
ശക്തർ
സബ് 4-മീറ്റർ കോംപാക്‌റ്റ് എസ്.യു.വി വിഭാഗത്തിലുള്ള കിയ സോണറ്റിന് വിപണിയിൽ എതിരാളികൾ ധാരാളമാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, ടാറ്റാ നെക്‌സോൺ, മഹീന്ദ്ര എക്‌സ്.യു.വി 300, ഫോഡ് എക്കോസ്‌പോർട്ട്, 23ന് ടൊയോട്ട വിപണിയിലെത്തിക്കുന്ന അർബൻ ക്രൂസർ എന്നിവയാണ് പ്രമുഖർ.