ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നൽകിയ സാമ്പത്തിക സഹായം ഒരു ലക്ഷം രൂപ മാത്രം. അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിടത്താണ് സർക്കാർ ഒരു ലക്ഷം മാത്രം നൽകിയത്. ബാക്കി നാല് ലക്ഷം രൂപ ദുരന്ത നിവാരണ അതോറിട്ടി കൊടുക്കുമെന്നാണ് സർക്കാർ വിശദീകരണം. ഒരു ലക്ഷം രൂപ നൽകിയത് സാങ്കേതിക നടപടിക്രമം മാത്രമാണെന്നും സർക്കാർ പറയുന്നു. കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകിയപ്പോൾ പെട്ടിമുടിയിൽ അഞ്ച് ലക്ഷം മാത്രം നൽകുന്നത് നേരത്തെ വിവാദമായിരുന്നു.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് വേണ്ടിയുളള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ തന്നെ ധനസഹായം നൽകും. അതേസമയം പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം നൽകുമെന്ന് തന്നെയാണ് റവന്യു വകുപ്പ് പറയുന്നത്.
പ്രകൃതി ദുരന്തമുണ്ടായാൽ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നൽകാം. പെട്ടിമുടയിൽ അഞ്ച് ലക്ഷമാണ് സർക്കാർ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദീകരിച്ചു. ദുരന്തനിവാരണ അതോറിട്ടിയിൽ നിന്നാണ് നാല് ലക്ഷം രൂപ അനുവദിക്കുക. കരിപ്പൂർ ദുരന്തം പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതെന്നും റവന്യൂ വകുപ്പ് അറിയിച്ചു