ന്യൂഡൽഹി:കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് സഭ ബില്ലുകൾ പാസാക്കിയത്. നേരത്തേ ലോക് സഭയിലും ബിൽ പാസാക്കിയിരുന്നു. ഇന്ന് ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയൻ ഉപാദ്ധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിനിടെ അംഗങ്ങൾ ബില്ലുകളുടെ പകർപ്പ് വലിച്ചുകീറുകയും ചെയ്തു. പ്രതിഷേധം കടുത്തതോടെ സ്പീക്കർ കൂടുതൽ മാർഷലുമാരെ വിളിപ്പിച്ചു. തുടർന്ന് രാജ്യസഭ 10 മിനിറ്റ് നിറുത്തി വയ്ക്കുകയും ചെയ്തു.
ബിൽ രാജ്യസഭയിലും പാസാക്കാനായത് നരേന്ദ്രമോദിസർക്കാരിന് വൻ രാഷ്ട്രീയ നേട്ടമാണ് സമ്മാനിച്ചത്. സഖ്യകക്ഷികൾ എതിർത്താലും പരിഷ്ക്കാര നടപടികളുമായി മുന്നോട്ടുതന്നെ പോകും എന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രം നല്കുന്നത്. ബിൽ പാസായതോടെ ഇപ്പോൾ ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെടുമെന്നാണ് റിപ്പോർട്ട്. നേരത്തേ സഭയിൽ പ്രതിപക്ഷ ആരോപണങ്ങളെ സർക്കാർ തളളിക്കളഞ്ഞു. താങ്ങുവില ഇല്ലാതാകില്ലെന്ന് ഉറപ്പ് നൽകിയ കൃഷിമന്ത്രി കർഷകരെ വിപണിയുടെ കയറ്റിറക്കങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്ന ആരോപണവും തളളി.
അതേസമയം, കർഷകരുടെ മരണവാറണ്ടാണ് ബിൽ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വയാണ് ഈ ആരോപണം ഉന്നയിച്ചത്. ബിൽ പാസായാൽ അത് കോറപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും പറഞ്ഞു. കാർഷികോത്പന്നങ്ങളുടെ വ്യാപാര-വാണിജ്യ ബിൽ, വിലസ്ഥിരതയും സേവനങ്ങളുമായി ബന്ധപ്പെട്ട കർഷകകരാർ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയാണ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചത്.ജൂൺ അഞ്ചിന് ഇറക്കിയ ഓർഡിനൻസുകൾ പിൻവലിച്ചാണ് ബില്ലുകൾ കൊണ്ടുവന്നത്.