കാന്താരി ചെടിയില്ലാത്ത ഒരു വീടുപോലും പണ്ടുണ്ടായിരുന്നില്ല. നമ്മുടെ തൊടികളിലും അടുക്കളപ്പുറത്തും അത്ര സുലഭമായിരുന്നു ഇവ. വലിയ പരിചരണമൊന്നും നൽകിയില്ലെങ്കിലും ഇഷ്ടംപോലെ ഫലം തരുന്ന ചെടിയാണ് കാന്താരി. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്ക് ഇന്ന് വൻ ഡിമാൻഡ് ആണ്. ഒരു കിലോ കാന്താരി മുളകിന് ആയിരത്തിന് മുകളിൽ വില വന്നത് ഞെട്ടലോടെയാണ് നാം കേട്ടത്.
കാന്താരി പല നിറങ്ങളിൽ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതൽ. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അൽപ്പം കുറവുമാണ്. കറികളിൽ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറുണ്ട്. നമ്മുടെ കറികളിലും അച്ചാറുകളിലും അവിഭാജ്യ ഘടകമായ കാന്താരി മുളകിന്റെ ജന്മദേശം അമേരിക്കൻ നാടുകളിലാണ്. കാന്താരി മുളകുപോലെ കാന്താരി ഇലയും ഉത്തരേന്ത്യയിലും ഒപ്പം പല രാജ്യങ്ങളിലും ഒരു ഇലക്കറിയായി ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ എരിവ് കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും ഉത്തമമായകാന്താരി മുളകിന്റെ ആരോഗ്യ രഹസ്യങ്ങൾ പലതാണ്. നിരോക്സീകാരികൾ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അർബുദം തടയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ വരാതെ തടയുന്ന കാന്താരിമുളക് ഹൃദയം ആരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ് ക്ലീറോസിസ് ഉണ്ടാകാനുള്ള സാദ്ധ്യത കുറയുന്നു. രക്തം കട്ട പിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിനും കാന്താരിക്കും കഴിയും. ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്നമല്ല. കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവ് തരും. ഒരു ചെടിക്ക് നാലുതൊട്ട് ആറ് വർഷം വരെ ആയുസുണ്ടാകും.
പരിചരണം ഒന്നും വേണ്ടാത്ത കാന്തരി ചെടിക്ക്, എരിവ് നൽകുന്ന കാപ്സൈസിൻ ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ കാപ്സൈസിന് ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കഴിയും. ചീത്ത കൊളസ്ട്രോൾ ആയ എൽ.ഡി.എല്ലും ടി.ജിയു എച്ച്.ഡി.എല്ലും വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു. വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം,ഫോസ്ഫറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്.
എരിവ് നൽകുന്ന കാപ്സെയിൻ തലച്ചോറിലെ ഹൈപ്പോതലാമസിനെ ഉത്തേജിപ്പിച്ച് ശരീരതാപനില കുറയുന്നു. മുളക് ഉൽപാദിപ്പിക്കുന്ന ചൂട്വേദനസംഹാരിയായും പ്രവർത്തിക്കുന്നു. ജീവകം സിയും ബീറ്റാ കരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമത്തിന്റെയും ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് കാന്താരിമുളക്. ഇരുമ്പിന്റെ കലവറയായ കാന്താരിയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു.
കാന്താരി കീടനാശിനി
കാന്താരി ഒരു നല്ല കീടനാശിനി കൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനിയായി ഉപയോഗിക്കുന്ന ജൈവ കർഷകരുമുണ്ട്. കാന്താരിയും ഗോമൂത്രവും ചേർന്നാൽ കീടങ്ങൾ വരില്ല. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട.വേനൽ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഒന്നു പിടിച്ചു കിട്ടിയാൽ നാലഞ്ച് വർഷം വരെ ഒരു കാന്താരി ചെടി നിലനിൽക്കും.
അമിതമായാൽ
കാന്താരിയുടെ അമിതമായ ഉപയോഗം ദോഷകരമാണ്. അതിൽ അടങ്ങിയിരിക്കുന്ന കാപ്സിൻ എന്ന ഘടകം ദഹനരസത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചൽ, അൾസർ എന്നിവ ഉണ്ടാകാനും കാരണമാവും. അതുപോലെ തന്നെ ഫിഷർ, ഫിസ്റ്റുല, പൈൽസ് എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ സങ്കീർണമാവാനും കാരണമാവാം. ചുരുക്കം ചില സന്ദർഭങ്ങളിൽ കാപ്സിൻ അമിതമായി ഉള്ളിൽ എത്തുന്നത് കരൾ, വൃക്ക എന്നിവയ്ക്ക് തകരാറുണ്ടാക്കുന്നതായും കണ്ടിട്ടുണ്ട്. സാധാരണ ഗതിയിൽ നമ്മുടെ ഭക്ഷണത്തിൽ ആവശ്യമായ എരിവിന് ഉപയോഗിക്കുന്ന മുളകിന് പകരമായി കാന്താരി മുളക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. കൊളസ്ട്രോൾ കുറയ്ക്കുമെന്ന പ്രചാരണം മുൻനിർത്തി കാന്താരി അമിതമായി ഉപയോഗിച്ച് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം.
കാന്താരി നടാം
പണ്ട് പക്ഷികൾ മുഖാന്തരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പ്രകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. വിത്തുകൾ പാകി തൈകൾ മുളപ്പിക്കണം. പാകുമ്പോൾ വിത്തുകൾ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നല്ലയിനം വിത്തുകൾ പാകി മുളപ്പിച്ച് തൈകൾ ഉണ്ടാക്കി 40 - 60 സെ.മീ അകലത്തിൽ നടണം. തൈ നടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സൂര്യപ്രകാശം കൂടുതലായി അടിക്കുന്ന സ്ഥലത്തു നടാൻ ശ്രമിക്കരുത്. തണലും വെയിലും ഒരുപോലെ ലഭിക്കുന്ന ഒരു സ്ഥലമാണ് ഇതിനു വളരെ ഉത്തമം. തൈകൾ നടുന്നതിന് മുമ്പ് സെന്റിന് 100 കിലോ ചാണകപ്പൊടിയും ട്രൈക്കോഡെർമയും ചേർത്ത് മണ്ണ് നന്നായി ഇളക്കണം. നല്ല വിളവു ലഭിക്കണമെങ്കിൽ മുളകിനും പരിചരണം ആവശ്യമാണ്. ഒരു തൈ നട്ടിട്ട് കറേക്കാലത്തേക്ക് ആ പരിസരത്തേക്ക് പോകാതെ പെട്ടെന്നൊരു ദിവസം പോയി നോക്കിയിട്ട് ചെടി മുരടിച്ചപോയെന്ന് പറഞ്ഞിട്ട് കാര്യമില്ല. ചെറുതായൊന്ന് പരിചരിച്ചാൽ തന്നെ മുളകിൽ നിന്ന് നല്ല വിളവു ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയുമാവാം.
തൈകൾ മണ്ണിലേക്ക് മാറ്റി നടുമ്പോൾ തണൽ കൊടുത്ത് ആവശ്യത്തിന് നനവും കൊടുക്കണം. മണ്ണിൽ ഈർപ്പം നിലനിർത്താനായി വേണം നനയ്ക്കാൻ. അല്ലാതെ ചെളി കെട്ടിനിൽക്കുന്ന തരത്തിൽ വെള്ളം കോരി ഒഴിക്കരുത്. തൈകൾ പറിച്ചു നട്ട് ഒന്നര മാസമാകുമ്പോൾ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, കോഴിക്കാഷ്ടം, വെർമികമ്പോസ്റ്റ് ഇതിലേതെങ്കിലും ഒന്ന് ചുവട്ടിൽ ഇട്ടു മണ്ണ് കൂട്ടി കൊടുക്കണം. മീൻ കഴുകിയ വെള്ളം മുളകിന് നല്ലതാണെന്ന് ചില പഴമക്കാർ പറയുന്നു. നല്ല കായ്ഫലം ലഭിക്കാനും മുളകുകൾക്ക് മുഴുപ്പ് ഉണ്ടാകാനും മീൻവെള്ളം ഗുണം ചെയ്യുമത്രെ. മുളക് പഴുക്കാതെ പച്ചമുളകായി തന്നെ വിളവെടുത്താൽ കൂടുതൽ വിളവ് ലഭിക്കും. വിത്തിന് വേണ്ടവ മാത്രം പഴുക്കാൻ നിർത്താം.
ഇലകളിൽ ശക്തിയായി സ്പ്രേ ചെയ്യുകയോ, കഞ്ഞി വെള്ളം തളിക്കുകയോ ചെയ്യാം. അഞ്ചു ശതമാനം വീര്യമുള്ള വേപ്പിൻ കുരു സത്ത് രണ്ടാഴ്ച ഇടവിട്ട് ചെടികളിൽ തളിക്കാം, ഇത് മണ്ഡരികളെ നിയന്ത്രിക്കാൻ സഹായിക്കും. പുകയില കഷായം ഒഴിച്ച് ഇലപ്പേനുകളെ നശിപ്പിക്കാം. വേപ്പിൻ പിണ്ണാക്ക് വളമായി ഇട്ടു കഴിഞ്ഞാൽ ഒരു പരിധിവരെ കീടങ്ങളെ നിയന്ത്രിക്കാനും കഴിയും. ചില ചെടികളിൽ വൈറസിന്റെ ആക്രമണം കാണാം ഇത്തരം ചെടികൾ പറിച്ച് കുഴിച്ചിടണം.
കാന്താരി മുളക് അച്ചാർ
കാന്താരി പച്ചയായി അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. അച്ചാറിട്ടാൽ ദീർഘകാലം ഉപയോഗിക്കാം.
ചേരുവകൾ
കാന്താരി - 200 ഗ്രാം
നല്ലെണ്ണ - നാല് ടീസ്പൂൺ
വിനാഗിരി - നാല് ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)
ഇഞ്ചി ചതച്ചത് - രണ്ട് ടീസ്പൂൺ
വെളുത്തുള്ളി - രണ്ട് ടീസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
കായം - ഒരു നുള്ള് ഉപ്പ് / വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകിയെടുത്ത കാന്താരി ഉപ്പും അൽപം വെള്ളവുംചേർത്ത് മൂന്ന് മിനിട്ട് ചെറുതീയിൽ ചൂടാക്കി മാറ്റിവയ്ക്കുക. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കാം. അതിൽ കാന്താരിയും കായവും ചേർത്തിളക്കി അൽപ സമയം കൂടി ചൂടാക്കുക. ഇനി തണുത്തതിന് ശേഷം വിനാഗിരി ചേർത്ത് ഇളക്കാം. വായു കടക്കാത്ത പാത്രത്തിലടച്ച് സൂക്ഷിക്കാം.