ബീജിംഗ്: 40 വർഷത്തിന് ശേഷം അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥൻ ആദ്യമായി തായ്വാൻ സന്ദർശനത്തിന് എത്തിയതോടെ ചൈന-അമേരിക്ക പോര് കൂടുതൽ വഷളായി. തായ്വാൻ സ്വയംഭരണ പ്രവിശ്യയാണെന്ന ചൈനയുടെ അവകാശ വാദത്തിനിടെയാണ് യു.എസ് ഇക്കണോമിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി കേയ്റ്റ് ക്രാച്ച് തായ്വാനിലെത്തിയത്.
ഇന്നലെ മുൻ പ്രസിഡന്റ് ലീ തെൻഹൂയ്യുടെ അനുസ്മരണ ചടങ്ങിൽ ക്രാച്ച് പങ്കെടുത്തു. യു.എസ് നടപടിയോടുള്ള പ്രതിഷേധമായി ചൈന തായ്വാൻ കടലിടുക്കിൽ ദ്വിദിന സൈനികാഭ്യാസം ആരംഭിച്ചു. തായ്വാൻ വ്യോമമേഖലയിലൂടെ ചൈനീസ് യുദ്ധ വിമാനങ്ങൾ പറന്നിരുന്നു. അമേരിക്കൻ നടപടി തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള അനാവശ്യ ഇടപെടലാണെന്നും തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് റീൻ ഗ്വോക്കിയാംഗ് പറഞ്ഞു. തീകൊണ്ട് കളിക്കുന്നവർ സ്വയം കത്തിപ്പോകുമെന്നും അമേരിക്കയെയും തായ്വാനെയും ഉദ്ദേശിച്ച് വക്താവ് വ്യക്തമാക്കി.അതേസമയം, ചൈനയും അമേരിക്കയും തമ്മിലെ ബന്ധം ഏറ്റവും വഷളായ സാഹചര്യം കണക്കിലെടുത്ത് അന്തർദേശീയ അംഗീകാരം നേടിയെടുക്കാനാണ് തായ്വാന്റെ നീക്കമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.