മീനങ്ങാടി: കൊവിഡ് മഹാമാരി ലോകത്തെ കീഴടക്കിയിട്ട് മാസങ്ങൾ പിന്നിടുന്നു.കൊവിഡ് എന്ന് കേൾക്കുന്നത് തന്നെ ആളുകൾക്ക് ഭീതി ഉള്ളവാക്കുന്നു. ഈ സാഹചര്യത്തിൽ കൊവിഡേ എന്ന് ആരെങ്കുിലും നീട്ടിവിളിച്ചാല്‍ അത്ഭുതം തോന്നാം. വിളി വയനാട് മീനങ്ങാടിയില്‍ വെച്ചാണെങ്കില്‍; കൊവിഡ് ഓടി അടുത്ത് വരാനും സാധ്യത വളരെ കൂടുതലാണ്. വിളി കേട്ട ഭാഗത്തെക്ക് ഒന്ന് നോക്കിയാൽ കാണാം ഒരു സുന്ദരൻ നായ്ക്കുട്ടിയെ.
കൊവിഡ് ലോകത്തിൽ പിടി മുറുക്കി സമയത്താണ് മീനങ്ങാടിയിലെ ലക്ഷ്മി നിവാസിൽ ലക്ഷ്മിയമ്മയ്ക്ക് ഈ സുന്ദരൻ കൊവിഡിനെ കിട്ടുന്നത്. ലോക്ക് ഡൗൺ കാലത്താണ് വഴിയില്‍ നിന്ന് കൊവിഡിനെ കിട്ടിയത്. ഈ കൊവിഡിന്റെ മുഖത്ത് എഴുന്ന് നില്‍ക്കുന്ന രോമങ്ങളും ഈ പേരിനെ ശരിവയ്ക്കുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് കത്തി നിന്ന നാളുകളിലൊന്നാണ് ഈ നായക്കുട്ടിയും കൂടപ്പിറപ്പുകളും വഴിയിലുപേക്ഷിയ്ക്കപ്പെടുന്നത്.
മറ്റ് നായക്കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് വണ്ടികള്‍ പോകുന്നത് കണ്ട, ലക്ഷ്മിയമ്മയുടെ പേരക്കുട്ടി കിച്ചു, ഈ നായക്കുട്ടിയെ വഴിയരികിലേയ്ക്ക് മാറ്റി വെച്ചു. അടുത്ത ദിവസം കിച്ചുവിനെത്തേടി വീട്ടിലെത്തിയ നായക്കുട്ടിയെ ആ കുടുംബം ഇരുകൈയും നീട്ടി സ്വീകരിയ്ക്കുകയായിരുന്നു. അന്ന് മുതൽ ഈ വീടിന് കാവലായി കൊവിഡ് കൂടെയുണ്ട്.