navalny

ബെർലിൻ: വിഷബാധയേറ്റ് കോമയിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് രോഗമുക്തിയെന്ന് റിപ്പോർട്ട്. ജർമ്മനിയിലെ ബർലിൻ നഗരത്തിലെ ചാരിറ്റി ആശുപത്രിയിലെ സ്‌റ്റെപ്പിൽ നിൽക്കുന്ന ചിത്രം നവൽനി തന്നെയാണ് ഇൻസ്‌റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്. രോഗമുക്തി വളരെ നീണ്ടതാണെന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു.

കാലിന്റെ പരിക്ക് ഭേദമാകാത്തതിനാൽ സ്‌റ്റെപ്പുകൾ കയറുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ നവൽനി ശ്വസിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. അദ്ദേഹം കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളായിരുന്നു ഇത്.

സൈബീരിയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവൽനിയെ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമാനമാർഗം ജർമ്മനിയിൽ എത്തിച്ചത്. നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതോടെ ആശുപത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിക്ക് കാവൽ നിൽക്കുകയാണ്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ കടുത്ത വിമർശകൻ കൂടിയായ നവൽനിയുടെ ശരീരത്തിലെത്തിയത് സോവിയറ്റ് യൂണിയന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നോവിചോക് എന്ന രാസവിഷമാണെന്ന് ജർമ്മൻ ആശുപത്രി കണ്ടെത്തിയിരുന്നു. ജർമ്മൻ മിലിട്ടറി ലാബുകളിൽ നടത്തിയ പരിശോധനയിലാണ് വിഷം ഏതെന്ന് തിരിച്ചറിഞ്ഞത്.