press-meet

കൊളംബോ: ശ്രീലങ്കയിൽ നാളികേര ദൗർലഭ്യം വർദ്ധിക്കുന്നതിനിടെ, ജനങ്ങളെ ബോധവത്കരിക്കാൻ ശ്രീലങ്കയിലെ നാളികേര വകുപ്പ്‌ മന്ത്രിയായ അരുന്ധിക ഫെർണാണ്ടോ ഒരു കിടിലൻ ഉപായം കണ്ടെത്തി. പിന്നെ, മടിച്ച് നിന്നില്ല...തെങ്ങിന്റെ മുകളിലേക്ക് അദ്ദേഹം ഈസിയായി കയറി. നാളികേര ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനായാണ് തെങ്ങിന്റെ മുകളിലിരുന്ന് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്.

ദൻകോട്ടുവയിലെ ഒരു തെങ്ങിൻതോപ്പിൽ വച്ചായിരുന്നു വാർത്താസമ്മേളനം. നിരവധി പ്രവർത്തകർ തെങ്ങിനുചുറ്റും നിൽക്കുന്നതും തെങ്ങുകയറാൻ മന്ത്രിക്ക് നിർദ്ദേശം നൽകുന്നതും സഹായിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. തെങ്ങിൽ പകുതി കയറിയ മന്ത്രി നാളികേര ക്ഷാമത്തെക്കുറിച്ചും അത് മാറ്റാനുള്ള ഉപാധികളെക്കുറിച്ചും സംസാരിച്ചു. മാദ്ധ്യമപ്രവർത്തകർക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്തും ഇടയ്ക്ക് കൈയിൽ നാളികേരം പിടിച്ചുമാണ് അദ്ദേഹം സംസാരിക്കുന്നത്.