വാഷിംഗ്ടൺ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് ആപ്പ് നിരോധിക്കാനുള്ള നീക്കത്തിൽ അയവ് വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ നിലവിൽ വരേണ്ടിയിരുന്ന നിരോധനം ഒഴിവാക്കാനായി യു.എസ് ഫെഡറൽ സർക്കാർ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ കമ്പനി അംഗീകരിച്ചതോടെയാണ് യു.എസ് സർക്കാർ അയഞ്ഞത്.
നിരോധനം ഒഴിവാക്കാനുള്ള മാർഗമായി സർക്കാർ മുന്നോട്ടു വച്ച നിർദ്ദേശം ആപ്പിന്റെ നിയന്ത്രണം ഏതെങ്കിലും അമേരിക്കൻ കമ്പനിയ്ക്ക് കൈമാറുക എന്നതായിരുന്നു. ടിക്‌ടോക് ഗ്ലോബൽ എന്ന പേരിൽ യു.എസിലെ പ്രവർത്തനങ്ങൾക്കായി യു.എസ് സോഫ്റ്റ്‍വെയർ കമ്പനിയായ ഒറാക്കിളും റീടെയ്ൽ ഭീമനായ വാൾമാർട്ടും ചേർന്ന് ആപ്പ് ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. ഈ ഇടപാടിന് എല്ലാ "ഭാവുകങ്ങളും നേർന്നതായി" ട്രംപ് വ്യക്തമാക്കി. പുതിയ കമ്പനിയുടെ ആസ്ഥാനം ടെക്‌സാസ് ആയിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇത് കൂടാതെ, പുതുതായി രൂപം കൊള്ളുന്ന കമ്പനി 25,000 പേർക്ക് തൊഴിൽ നൽകുമെന്നും രാജ്യത്ത് വിദ്യാഭ്യാസത്തിനായി "ഞങ്ങൾ ചോദിച്ചത്" പ്രകാരം 5 ബില്യൺ ഡോളറോളം ഫണ്ട് വകയിരുത്തുമെന്നും ട്രംപ് അറിയിച്ചു.
എല്ലാ യു.എസ് ഉപയോക്താക്കളുടെയും ഡേറ്റ പരിരക്ഷിക്കുന്നതിനുള്ള പ്രധാന സാങ്കേതികവിദ്യയുടെയും സുരക്ഷയുടെയും ഉത്തരവാദിത്വം ഒറാക്കിളിനായിരിക്കുമെന്ന് യു.എസ് ട്രഷറി ചൂണ്ടിക്കാട്ടി.
ചൈനീസ് നിയന്ത്രണത്തിലുള്ള ആപ്പ് ദേശസുരക്ഷയ്ക്കും പൗരന്മാരുടെ സ്വകാര്യതയ്ക്കും ഭീഷണിയാണെന്നായിരുന്നു സർക്കാർ നിലപാട്.
പുതിയ കരാർ നിലവിൽ വന്നാൽ ഒറാക്കിളിനും വാൾമാർട്ടിനുമായി ടിക് ടോക്കിന്റെ 20 ശതമാനത്തോളം ഓഹരി ലഭിക്കും. എന്നാൽ, വിഷയത്തിൽ ഒറാക്കിളും വാൾമാർട്ടും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
60 ബില്യൺ ഡോളർ
ടിക്‌ടോക് കൈമാറുന്നതിന് 60 ബില്യൺ ഡോളർ വിലയിട്ട് ബൈറ്റ് ഡാൻസ്. അന്തിമ തുക തീരുമാനിച്ചിട്ടില്ല.
ഒറാക്കിളും വാൾമാർട്ടും ചേർന്ന് മുന്നോട്ടു വച്ച ശുപാർശ അമേരിക്കൻ സർക്കാരിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാനും ടിക് ടോക്കിന്റെ യു.എസിലെ ഭാവി സംബന്ധിച്ച ചോദ്യങ്ങൾ അവസാനിപ്പിക്കാനും സഹായിക്കുമെന്നതിൽ സന്തോഷമുണ്ട്.
- ടിക് ടോക്ക് ഇറക്കിയ പ്രസ്താവന
വിട വി ചാറ്റ്
അമേരിക്കയിലെ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വി ചാറ്റിനും അമേരിക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ വിലക്ക് നിലവിൽ വന്നു (അമേരിക്കൻ സമയം). നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വിചാറ്റ് ഉപഭോക്താക്കൾ കോടതിയെ സമീപിച്ചെങ്കിലും സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്നും രാജ്യസുരക്ഷയെ ബാധിക്കാത്ത മറ്റേതെങ്കിലും ആപ്പ് ഉപയോഗിച്ച് സംവദിക്കാം എന്നുമായിരുന്നു യു.എസ് സർക്കാരിന്റെ മറുപടി.