വാഷിംഗ്ടൺ: കോടികൾ ചെലവിട്ട് വാക്സിൻ കണ്ടെത്തിയാൽ കൊവിഡ് വൈറസിനെ തുരത്താം. എന്നാൽ കാലാവസ്ഥാ വ്യതിയാനം അതിനെക്കാൾ ഭീകരമാണെന്നും ഇതുമൂലം ഓരോ വർഷവും സംഭവിക്കുന്ന നാശനഷ്ടങ്ങൾ മഹാമാരിയെക്കാൾ വലുതായിരിക്കുമെന്നും മൈക്രോസോഫ്ട് തലവൻ ബിൽ ഗേറ്റ്സ്.
കാലാവസ്ഥാ വ്യതിയാനം 2060 ആകുമ്പോഴേക്കും കൊവിഡ് മഹാമാരിയെക്കാളും വിനാശകാരിയായി മാറും. 2100 ആകുമ്പോൾ അതിലും അഞ്ചിരട്ടി ഭീകരമാകുമെന്നും ബിൽ ഗേറ്റ്സ് പ്രവചിക്കുന്നു. നിങ്ങൾക്ക് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന നാശം മനസിലാക്കണമെങ്കിൽ കൊവിഡ് മൂലമുള്ള അവസ്ഥ പരിശോധിച്ചാൽ മതി. കാലാവസ്ഥാവ്യതിയാനം കാരണമുള്ള ബുദ്ധിമുട്ട് ദീർഘകാലം നീളുന്നതായിരിക്കും. കാർബൺ ഡയോക്സൈഡ് പുറത്തേക്ക് തള്ളുന്നത് കുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മഹാമാരി മൂലം ജീവൻ നഷ്ടപ്പെടുന്നതിനും സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനും സമാനമായ അവസ്ഥ സ്ഥിരമായി നാം അനുഭവിക്കേണ്ടിവരും അദ്ദേഹം പറഞ്ഞു.'അടുത്ത 40 വർഷം കൊണ്ട് ആഗോളതാപന നിലയിലെ വർദ്ധന മൂലം ഒരു ലക്ഷം ജനങ്ങൾക്ക് 14 മരണങ്ങൾ എന്ന രീതിയിൽ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കാർബൺ എമിഷൻ ഇതേ രീതിയിൽ ഉയർന്നുനിന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു ലക്ഷം പേർക്ക് 73 എന്ന രീതിയിൽ അധികമരണങ്ങളും ഉണ്ടാകും.'- ബിൽ ഗേറ്റ്സ് പറയുന്നു.