ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ ആസ്ഥാനമായുള്ള റെഡ് ക്രസന്റുമായുള്ള സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യു.എ.ഇ സഹകരണത്തില്‍ സംസ്ഥാനം അനുമതി തേടിയിരുന്നില്ലെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയാണ് ലോക്സഭയെ അറിയിച്ചത്.
കെ മുരളീധരന്‍ എം.പിയുടെ ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലമുള്ള മറുപടി നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം അനുമതി തേടിയില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു. റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണാപത്രത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് കഴിഞ്ഞ മാസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര സഹമന്ത്രിയും സഭയെ ഇക്കാര്യം അറിയിക്കുന്നത്.
നേരത്തെ കേന്ദ്രാനുമതിയില്ലാതെ പദ്ധതിക്കു കരാറുണ്ടാക്കാന്‍ യു.എ.ഇ കോണ്‍സലേറ്റിനും നിര്‍മാണക്കമ്പനിയായ യൂണിടാക്കിനും അധികാരമില്ലെന്ന് പാര്‍ലമെന്ററി സ്ഥിരം സമിതിയില്‍ മന്ത്രാലയം വ്യക്തമാക്കി. റെഡ് ക്രസന്റ് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കിയ സാഹചര്യത്തില്‍ തന്നെയാണ് വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണവും വരുന്നത്. രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞമാസം 11 ന് ചെന്നിത്തല കത്ത് നല്‍കിയിരുന്നെങ്കിലും ഇവ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയത്.