ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പൊതുമേഖലാ ബാങ്കുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 19,964 കോടി രൂപയുടെ തട്ടിപ്പുകളാണെന്ന് വിവരാവകാശ പ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കി. 2,867 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്.
ചന്ദ്രശേഖർ ഗോർ എന്ന വ്യക്തിയാണ് വിശദാംശങ്ങൾ തേടിയത്. എസ്.ബി.ഐയിലാണ് ഏറ്റവുമധികം കേസുകൾ. എന്നാൽ, ബാങ്ക് ഒഫ് ഇന്ത്യയാണ് തട്ടിപ്പ് മൂല്യത്തിൽ മുന്നിൽ. ആകെയുള്ള 12 പൊതുമേഖലാ ബാങ്കുകളിൽ 2,050 കേസുകളും എസ്.ബി.ഐയിലാണ്. 2,325.88 കോടി രൂപയാണ് മൂല്യം. 47 കേസുകളുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ തട്ടിപ്പ് മൂല്യം 5,124.87 കോടി രൂപ.
33 കേസുകളുള്ള കനറാ ബാങ്ക് റിപ്പോർട്ട് ചെയ്‌ത മൂല്യം 3,885.26 കോടി രൂപ. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 240 കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും മൂല്യം 270.65 കോടി രൂപ മാത്രമാണ്. ഒരുലക്ഷം രൂപ മുതലുള്ള തട്ടിപ്പുകളാണ് ബാങ്കുകൾ റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാറുള്ളത്.
₹1.85 ലക്ഷം കോടി
രാജ്യത്തെ ബാങ്കുകളിൽ തട്ടിപ്പുകൾ 2019-20ൽ മുൻവർഷത്തേക്കാൾ ഇരട്ടിയിലേറെ വർദ്ധിച്ച് 1.85 ലക്ഷം കോടി രൂപയിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. കേസുകളിൽ വർദ്ധന 28 ശതമാനമാണ്. മൊത്തം കേസുകളിൽ 90 ശതമാനത്തോളവും വായ്‌പകളുമായി ബന്ധപ്പെട്ടാണ്.
തട്ടിപ്പ് കുറയുന്നു
തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും എണ്ണവും മൂല്യവും കുറയുന്നത് ബാങ്കുകൾക്ക് ആശ്വാസമാകുന്നുണ്ട്. ഈവർഷം ഏപ്രിൽ-ജൂണിൽ എല്ലാ ബാങ്കുകളിലുമായി 28,843 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തു. മുൻ വർഷത്തെ സമാനപാദത്തിൽ ഇത് 42,228 കോടി രൂപയായിരുന്നു.