ഇതിലും വലിയ തിരിച്ചു വരവ് സ്വപ്നങ്ങളിൽ മാത്രം... അവഗണനയ്ക്കും വിവാദങ്ങൾക്കും വിരമിക്കലിനും ശേഷം അമ്പാട്ടി റായ്ഡുവിന്റെ മാസ് എൻട്രി...ഐ.പി.എൽ പതിമ്മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരം ചരിത്രത്തിൽ അടയാളപ്പെടുത്തുക എഴുതിത്തള്ളിയവരെക്കൊണ്ട് പോലും ഏഴുന്നേറ്റ്നിന്ന് കൈടയിപ്പിച്ച അമ്പാട്ടിയുടെ സെൻസിബിൾ ഇന്നിംഗ്സിന്റെ പേരിലായിരിക്കും.
ത്രീ ഡയമൻഷണൽ പ്ലേയറല്ലെന്ന് പുച്ഛിച്ചവർക്കുള്ള അമ്പാട്ടിയുടെ കുറിക്കുകൊള്ളുന്ന മറുപടിയായിരുന്നു ശനിയാഴ്ച മുംബയ് ഇന്ത്യൻസിന്റെ ലോകോത്തര ബൗളിംഗ് നിരയെ തരിപ്പണമാക്കി ചെന്നൈ സൂപ്പർകിംഗ്സിനെ തോൽവിയിൽ നിന്ന് വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ആ മാസ്റ്റർ ക്ലാസ് ഇന്നിംഗ്സ്. താൻ പാകമല്ലെന്ന് ഇന്ത്യയുടെ ലോകകപ്പ് സെലക്ടർമാർ വിധിയെഴുതിയ നാലാം നമ്പറിൽ ഇറങ്ങി ഒന്നാം നമ്പർ ബൗളർമാരായ ബുംറയേയും ബൗൾട്ടിനേയും നിലം തൊടാതെ പായിച്ച് ഈ മുപ്പത്തഞ്ചുകാരൻ പറയാതെ പറഞ്ഞത് പ്രായവും കണക്കുകൂട്ടലുകളുമല്ല പ്രതിഭയുടെ അളവുകോലെന്നാണ്.
അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ മുംബയ് സുരക്ഷിതമെന്ന് കരുതിയ ടോട്ടലിനെതിരെ ചെന്നൈ 6/2 എന്ന നിലയിൽ തകർച്ച മുന്നിൽക്കാണുമ്പോഴാണ് അമ്പാട്ടി ക്രീസിലേക്കെത്തുന്നത്. മറുവശത്ത് ബോൾട്ടും പാറ്റിൻസണും ഫുൾസിംഗിൽ ചെന്നൈയെ വരിഞ്ഞു മുറുകിയ സമയം. ബുംറയേയും ക്രുണാലിനെയും പോലുള്ള മാച്ച് വിന്നർമാർ തങ്ങളുടെ ഊഴം കാത്തിരിക്കുന്നു. പക്ഷേ പതിവുപോലെ അമ്പാട്ടി അക്ഷോഭ്യനായിരുന്നു. നാലാമത്തെ ഓവറിലെ ആദ്യ പന്തിൽ പാറ്റിൻസണെ ബാക്ക് ഫുട്ടിലേക്കിറങ്ങി കവറിനും പോയിന്റിനും ഇടയിലൂടെ പായിച്ച ഫോറിലൂടെ അമ്പാട്ടി നയം വ്യക്തമാക്കി. അടുത്ത ഓവറിലെ ആദ്യ പന്തിൽ ബൗൾട്ടും അതിമനോഹരമായ കവർഡ്രൈവിലൂടെ അതിർത്തി കടന്നു. സമീപകാല ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ ജസ്പ്രീത് ബുംറയായിരുന്നു അടുത്ത ഓവർ എറിയാനെത്തിയത്. ബുംറയുടെ കൃത്യതയ്ക്ക് മുൻപിൽ ഫാഫ് ഡുപ്ലെസിസ് ആദ്യ നാല് പന്തും ബീറ്റണാക്കി. അടുത്ത പന്തിൽ മൂന്ന് റൺസ് ഓടിയെടുത്തു. ആത്മ വിശ്വാസത്തിന്റെ പരകോടിയിൽ നിൽക്കുന്ന ബുംറയുടെ ആ ഓവറിലെ അവസാന പന്ത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ തടിരക്ഷിക്കാനെ ഭൂരിഭാഗം ബാറ്റ്സ്മാൻമാരും തയ്യാറാകൂ. എന്നാൽ അമ്പാട്ടി ചിന്തിച്ചത് മറ്റൊന്നായിരുന്നു.
ഓഫ് സ്റ്റമ്പിന് പുറത്തേക്ക് വന്ന പന്ത് ഓഫ് സ്റ്റമ്പിലേക്ക് മാറി കവർ ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക്. ഒപ്പം നോബാളിന്റെ ആനുകൂല്യവും. ബോണസായി കിട്ടിയ പന്തിൽ ബാക്ക് ഫുട്ടിലേക്കിറങ്ങി തൊടുത്ത പുൾ ഷോട്ട് നിലം തൊടാതെ അതിർത്തിക്കപ്പുറം പതിച്ചതോടെ ചെന്നൈ വിജയം സ്വപ്നം കണ്ടു തുടങ്ങുകയായിരുന്നു. ബുംറ ആ ഓവറിൽ വഴങ്ങിയത് പതിന്നാല് റൺസ്.
പിന്നീടങ്ങോട്ട് ക്രിക്കറ്റിൽ അന്ന്യം നിന്ന് പോകുന്ന സ്റ്റെപ്പ് ഔട്ട് സിക്സുകളുൾപ്പെടെ സെൻസേഷണൽ ഇന്നിംഗ്സുമായി അമ്പാട്ടി കളം നിറഞ്ഞാടി. തന്നെ ഒതുക്കാൻ ശ്രമിച്ചവരോടുള്ള പക തീർക്കും പോലെ. 48 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 71 റൺസുമായി അമ്പാട്ടി തിരിച്ചു നടക്കുമ്പോൾ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു. വർഷങ്ങളോളം തങ്ങൾക്കായി മരിച്ചു കളിച്ചിരുന്ന അമ്പാട്ടിയെ മൂന്ന് വർഷം മുൻപ് വിട്ടുകളഞ്ഞതിൽ മുംബയ് മാനേജ്മെന്റും പശ്ചാത്തപിക്കുന്നുണ്ടാകും.
കരിയർ തുടങ്ങിയ കാലത്ത് ജൂനിയർ ടെൻഡുൽക്കർ എന്ന വിളിപ്പേരുണ്ടായിരുന്ന അമ്പാട്ടിക്ക് പക്ഷേ അർഹിച്ച നിലയിൽ എത്തനായില്ല. വിമത ക്രിക്കറ്റ് ലീഗായ ഐ.സി.എല്ലിൽ കളിച്ചതും ചൂടൻ സ്വഭാവവും ഈ ഗുണ്ടൂർ സ്വദേശിക്ക് തിരിച്ചടിയായി. പക്ഷേ അവസരം കിട്ടിയയിടത്തെല്ലാം അയാൾ നിറഞ്ഞാടി. 2018ലെ ഐ.പി.എല്ലിൽ ടോപ് സ്കോററായിരുന്നു. 148 ഐ.പി.എൽ മത്സരങ്ങളിൽ നിന്നായി 126.34 സ്ട്രൈക്ക് റേറ്റിൽ 3371 റൺസ് നേടിക്കഴിഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം അമ്പാട്ടിയാണെന്നാണ് ശനിയാഴ് മത്സര ശേഷം ഷേൻ വാട്സൺ പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരാധകരും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ 5/2 ന് തകർന്നപ്പോൾ അമ്പാട്ടി ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ കഥമാറിയേനെ എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും.