ന്യൂഡൽഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണില്‍ നിന്ന് രാജ്യം ഘട്ടം ഘട്ടമായി മടങ്ങുകയാണ്. നിലവില്‍ അണ്‍ലോക്ക് നാലാംഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നത്. എന്നാല്‍ അണ്‍ലോക്ക് നാലിന്റെ അവസാനഘട്ടത്തിലേക്കെത്തിയതോടെ രാജ്യത്ത് പ്രതിദിന രോഗബാധ 90,000ത്തിലും അധികമായിരിക്കുകയാണ്. സെപ്റ്റംബര്‍ 30 വരെയാണ് നാലാംഘട്ട അണ്‍ലോക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ കാലയളവിലും ലോക്ക് ഡൗണാണ്. എന്നാല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രോഗബാധയില്‍ വര്‍ധനവും ഉണ്ടായതോടെ പല നഗരങ്ങളിലും വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിശദാംശങ്ങള്‍ അറിയാം.
റായ്പൂരില്‍ വീണ്ടും ലോക്ക് ഡൗണ്‍
കൊവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ പ്രാദേശിക ഭരണകൂടം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്തംബര്‍ 21ന് രാത്രി 9 മുതല്‍ സെപ്തംബര്‍ 28ന് അര്‍ധരാത്രി വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റായ്പൂര്‍ ജില്ലയില്‍ ഇതുവരെ 26,000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബിലാസ്പുര്‍ ഉള്‍പ്പെടെ ഏഴ് പ്രദേശങ്ങളിലും ഇവിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ 11 ജില്ലകളില്‍ 144
രോഗവ്യാപനം വര്‍ദ്ധിച്ചതോടെ രാജസ്ഥാനിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണിന് പകരം സി.ആര്‍.പി.സി 144 പ്രഖ്യാപിച്ചാണ് ഭരണകൂടം ഇവിടെ കൊവിഡ് വ്യാപനം തടയാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് 11 ജില്ലകളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ജയ്പുര്‍, ജോധ്പുര്‍, കോട്ട, അജ്മീര്‍, അല്‍വാര്‍, ഭില്‍വാര, ബിക്കാനീര്‍, ഉദയ്പുര്‍, ശികാര്‍, പാലി, നാഗൗര്‍ എന്നിവിടങ്ങളിലാണ് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 17997 ആക്ടീവ് കേസുകളാണുള്ളത്.
ഐസ്വാളില്‍ നിയന്ത്രണങ്ങള്‍ നീട്ടി
ഐസ്വാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഭാഗിക ലോക്ക് ഡൗണ്‍ നീട്ടാന്‍ മിസോറം സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കൊവിഡ് പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തുന്നതിനും ഇവരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമുള്ള പ്രക്രിയ എളുപ്പത്തിലും വേഗത്തിലും വേണമെന്ന നിര്‍ദേശവും ഇതിനോടകം നല്‍കിയിട്ടുണ്ട്. മിസോറമില്‍ നിലവില്‍ 588 ആക്ടീവ് കേസുകള്‍ മാത്രമാണുള്ളത്. ഇതുവരെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനം കൂടിയാണിത്.
ചണ്ഡീഗഢില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍
പഞ്ചാബില്‍ എല്ലാ മുനിസിപ്പല്‍ ടൗണ്‍ പ്രദേശങ്ങളിലും സെപ്തംബര്‍ മാസത്തിലുടനീളം ഞായറാഴ്ചകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. ആഗസ്റ്റ് മാസത്തില്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമായിരുന്നു സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. പഞ്ചാബില്‍ നിലവില്‍ 22399 ആക്ടീവ് കേസുകളാണ് ഉള്ളത്.
മുംബയിലും നോയിഡയിലും നിയന്ത്രണങ്ങള്‍ നീട്ടി
മുംബയില്‍ പ്രഖ്യാപിച്ചിരിക്കുന്ന 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 30 വരെ നീട്ടിയിരിക്കുകയാണ്. നോയിഡയിലും സമാന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ 30 വരെയാണ് ഇവിടെയും 144 പ്രഖ്യാപിച്ചിരിക്കുന്നത്.