kannada-drug-mafia-case

ബംഗളൂരു: കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽപ്പേരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വരും ദിവസങ്ങളിൽ സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ ചോദ്യംചെയ്യും. സിനിമയ്ക്കുപുറത്തുള്ള പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ലഹരിമാഫിയകൾക്ക് സാമ്പത്തികസഹായം നൽകിയവരിൽ ബിസിനസുകാരും രാഷ്ട്രീയനേതാക്കളുടെ മക്കളും ബന്ധുക്കളുമുണ്ടെന്നാണ് വിവരം.

അറസ്റ്റിലായ നടി സഞ്ജന ഗൽറാണിയുടെയും ഐ.ടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡിഷ്യൽ കസ്റ്റഡി 30 വരെ നീട്ടി.

ഞങ്ങൾ നിരപരാധികൾ

ലഹരി കേസിൽ സി.സി.ബി ചോദ്യം ചെയ്ത കർണാടക കോൺഗ്രസ് മുൻ എം.എൽ.എ ആർ.വി. ദേവരാജിന്റെ മകനും ബംഗളൂരു നഗരസഭാ കൗൺസിലറുമായ യുവരാജ്, നടൻമാരായ അകുൽ ബാലാജി, ആര്യൻ സന്തോഷ് എന്നിവർ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ടു. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ദേവനഹള്ളിയിലെ വില്ലയിൽ ലഹരിപ്പാർട്ടി നടത്തിയെന്ന വിവരത്തെത്തുടർന്നാണ് ഇവരെ ചോദ്യംചെയ്തത്.

അകുലിനേയും യുവരാജിനെയും നാലുമണിക്കൂറോളം ചോദ്യംചെയ്തു. കേസിൽ അറസ്റ്റിലായ വൈഭവ് ജെയിൻ, വിരേൻ ഖന്ന എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇവരോട് ചോദിച്ചത്. കേസിൽ ഒളിവിൽ കഴിയുന്ന മുൻമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുമായും ഇവർക്ക് ബന്ധമുണ്ട്.

മലയാളി പിടിയിൽ

ഇന്നലെ ബംഗളൂരു മാഗഡി റോഡിൽ 70 ഗ്രാം ലഹരിമരുന്നുമായി മുംബയിൽ സ്ഥിരതാമസമാക്കിയ മലയാളി ഷാജി (27), ആഫ്രിക്കക്കാരൻ ജോൺ എറിക്ക് (25) എന്നിവർ അറസ്റ്റിലായി. ഇവരിൽ നിന്ന് 70 ഗ്രാം എം.ഡി.എം.എ. ഗുളികകളും നാലു മൊബൈൽ ഫോണും രണ്ടു ബൈക്കും പിടികൂടി.

ബി.എസ് സി. പഠനത്തിനായി ബംഗളൂരുവിലെത്തിയ ഷാജി വിദ്യാഭ്യാസം പാതിവഴിയിൽ നിലച്ചതിനെത്തുടർന്നാണ് ലഹരിക്കച്ചവടത്തിലേക്ക് കടക്കുകയായിരുന്നു. ലഹരിപ്പാർട്ടി സംഘടിപ്പിക്കുന്നവർക്കും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കും മയക്കുമരുന്നെത്തിച്ചതായി ഇവർ മൊഴിനൽകി. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ജോൺ എറിക് വിസാ കാലാവധി കഴിഞ്ഞിട്ടും ബംഗളൂരുവിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.

മയക്കുമരുന്ന് കേസിൽ പ്രമുഖ നൃത്തസംവിധായകനും നടനുമായ കിഷോർ അമൻ ഷെട്ടി (30), സുഹൃത്ത് അഖീൽ നൗഷീൽ (28) എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ലഹരിമരുന്നുമായി വെള്ളിയാഴ്ച മലയാളികളായ ലുബിൻ അമൽനാഥ് (25), ടി.വി. വിവേക് (22) എന്നിവരെ പിടികൂടിയിരുന്നു.