internet

 52.3% പേരും ജിയോ ഉപഭോക്താക്കൾ

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം ഈവർഷം മാർച്ചിൽ 74.3 കോടിയായി ഉയർന്നുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്)​ വ്യക്തമാക്കി. തൊട്ടുമുമ്പത്തെ പാദത്തേക്കാൾ 3.4 ശതമാനമാണ് വർദ്ധന. മൊത്തം ഉപഭോക്താക്കളിൽ 52.3 ശതമാനം പേരും റിലയൻസ് ജിയോയുടെ സ്വന്തമാണ്. 23.6 ശതമാനം വിപണി വിഹിതവുമായി ഭാരതി എയർടെൽ ആണ് രണ്ടാമത്.

മൂന്നാമതുള്ള വൊഡാഫോൺ-ഐഡിയയ്ക്ക് വിഹിതം 18.7 ശതമാനം. ഒക്‌ടോബർ-ഡിസംബറിൽ 71.8 കോടി ഇന്റർനെറ്റ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. മാർച്ച് പാദത്തെ മൊത്തം ഉപഭോക്താക്കളിൽ 97 ശതമാനവും (72 കോടി)​ വയർലെസ് ഇന്റർനെറ്റ് വരിക്കാരാണ്. 2.24 കോടിപ്പേരാണ് വയേഡ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.

68.74 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരും ഇന്ത്യയിലുണ്ട്. ഡിസംബർ പാദത്തേക്കാൾ 3.85 ശതമാനം അധികമാണിത്. സെക്കൻഡിൽ കുറഞ്ഞത് 512 കിലോബിറ്റ്‌സ് (കെ.ബി)​ വേഗമുള്ള ഇന്റർനെറ്റ് കണക്‌ഷനുകൾ ഉൾപ്പെടുന്നത് ബ്രോഡ്ബാൻഡ് ഗണത്തിലാണ്. മൊത്തം ഉപഭോക്താക്കളിൽ 96.90 ശതമാനം പേരും ഇന്റർനെറ്റിനായി ഉപയോഗിക്കുന്നത് മൊബൈൽ ഫോണുകളാണെന്നും ട്രായ് വ്യക്തമാക്കി.

ബി.എസ്.എൻ.എൽ

ഒന്നാംസ്ഥാനത്ത്

വയേഡ് ഇന്റർനെറ്റ് വിഭാഗത്തിൽ 50.3 ശതമാനം വിപണി വിഹിതവുമായി ബി.എസ്.എൻ.എൽ ആണ് ഒന്നാമത്. വയർലെസിൽ 53.76 ശതമാനം പേരും ജിയോ ഉപഭോക്താക്കളാണ്.