ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാലിദ്വീപിന് 1840 കോടി രൂപയുടെ(കൃത്യമായി 1840 കോടി 25 ലക്ഷത്തി 50,000 രൂപ) ധനസഹായം കൂടി നൽകി ഇന്ത്യ. 250 മില്ല്യൺ ഡോളറിന്റെ ധനസഹായം 'സോഫ്റ്റ് ലോൺ' പരിധിയിൽ ഉൾപ്പെടുത്തയാണ് രാജ്യത്തിന് ഇന്ത്യ അനുവദിച്ചത്. മാലിദ്വീപ് സർക്കാരിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനും രാജ്യത്തിന്റെ വരുമാനത്തിലുണ്ടായ വിടവ് നികത്താനും ഇന്ത്യയുടെ ഈ സഹായം ഉപകരിക്കുമെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്‌ദുള്ള ഷാഹിദ് പ്രതികരിച്ചു.
ഇന്ത്യയുടെ ഇപ്പോഴുള്ള ഈ സഹായത്തിൽ രാജ്യത്തിന് വളരെയേറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ പലിശ നിരക്കുള്ള ലോൺ തിരിച്ചടയ്ക്കാനായി പത്ത് വർഷത്തെ കാലാവധിയാണ് ഇന്ത്യ മാലിദ്വീപിന് നൽകിയിരിക്കുന്നത്. കൊവിഡ് മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തങ്ങളെ സഹായിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റായ ഇബ്രാഹിം സോലിഹ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ചാണ് മാലിദ്വീപിന് വീണ്ടും സാമ്പത്തിക സഹായം നൽകാൻ ഇന്ത്യ തീരുമാനിച്ചതെന്ന് ഇന്ത്യൻ പ്രതിനിധികൾ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അബ്‌ദുള്ള ഷാഹിദും തമ്മിൽ നടന്ന ഒരു വിർച്വൽ കൂടിക്കാഴ്ചയിലാണ് ധനസഹായത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായത്. വിനോദ സഞ്ചാര മേഖലയെ പ്രധാന സാമ്പത്തിക സ്രോതസായി കാണുന്ന മാലിദ്വീപ്പ് കൊവിഡ് സാഹചര്യം മൂലമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്.