websites

ന്യൂഡല്‍ഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ (കെ.വി.ഐ.സി) ഖാദി ഇന്ത്യ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വെബ് ലിങ്കുകള്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ക്കാണ് 160 ലധികം വെബ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഖാദി ഇന്ത്യ എന്ന ബ്രാന്‍ഡ് നാമം ഉപയോഗിച്ച് വില്‍പന നടത്തിയ ആയിരത്തിലധികം കമ്പനികള്‍ക്ക് കെ.വി.ഐ.സി നിയമപരമായ നോട്ടീസ് നല്‍കി. ഖാദി ഇന്ത്യ എന്ന വ്യാജേന ഉത്പന്നങ്ങല്‍ വിറ്റഴിച്ചത് കെവിഐസിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ഖാദി കരകൗശലത്തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്തതായി കെ.വി.ഐ.സി പറഞ്ഞു.

കെ.വി.ഐ.സി നിയമപരമായ അറിയിപ്പ് നല്‍കിയതിന് ശേഷം ഖാദി ഗ്ലോബല്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വെബ്സൈറ്റ് (www.khadiglobalstore.com) ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുകയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയിലെ പേജുകള്‍ നീക്കവും ചെയ്തു.


ഇതുകൂടാതെ ഖാദി എന്ന ബ്രാന്‍ഡ് നാമത്തിലുള്ള മുഴുവന്‍ ഉള്ളടക്കങ്ങളും ഉത്പന്നങ്ങളും നീക്കംചെയ്യാന്‍ 10 ദിവസത്തെ സാവകാശം ആവശ്യപ്പെടുകയും ചെയ്തു. കെ.വി.ഐ.സി നടപടിയുടെ ഫലമായി രാജ്യത്തുടനീളമുള്ള വ്യാജ ഖാദി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന നിരവധി സ്റ്റോറുകളും അടച്ചുപൂട്ടി. ഖാദി മാസ്‌കുകള്‍, ഹെര്‍ബല്‍സ് സോപ്പുകള്‍, ഷാംപൂകള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, ഹെര്‍ബല്‍ മെഹന്ദി, ജാക്കറ്റുകള്‍, കുര്‍ത്ത തുടങ്ങിയ ഉത്പന്നങ്ങള്‍ വിവിധ വില്‍പനക്കാര്‍ വഴി ഖാദി എന്ന ബ്രാന്‍ഡിലാണ് ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വില്‍ക്കുന്നത്. ഇത് യഥാര്‍ത്ഥ ഖാദി ഉത്പന്നങ്ങളാണ് ഇവയെന്ന തെറ്റിദ്ധാരണ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കി.

നീക്കം ചെയ്ത ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും ആയുഷ് ഇ-ട്രേഡേഴ്‌സ് വില്‍ക്കുന്നവയാണ്. വാഗഡിന്റെ ഖാദി ഉത്പന്നങ്ങള്‍ എന്ന പേരില്‍ വില്‍ക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്കായുള്ള 140 ലിങ്കുകള്‍ നീക്കം ചെയ്തതായി ആയുഷ് ഇ-ട്രേഡേഴ്‌സ് കെ.വി.ഐ.സിയെ അറിയിച്ചു. ഖാദി ഇന്ത്യ എന്ന പേരില്‍ അനധികൃതമായി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ നീക്കം ചെയ്യുന്നതിന് ഒരു നിയമസംഘത്തെ കെ.വി.ഐ.സിയെ നിയമിച്ചിട്ടുണ്ട്.