ന്യൂഡൽഹി:ലഡാക്കിലെ അതിർത്തി പ്രദേശത്ത് ചൈനീസ് പട്ടാളം കയറാൻ നോട്ടമിട്ടിരുന്ന തന്ത്രപ്രധാനമായ ആറ് മലനിരകൾ ഇന്ത്യൻ സേന കൈവശപ്പെടുത്തി നിലയുറപ്പിച്ചു.
'ആഗസ്റ്റ് 29 മുതൽ സെപ്‌റ്റംബർ രണ്ടാം വാരം വരെ നടന്ന ദൗത്യത്തിൽ ഇന്ത്യൻ സേന തന്ത്രപ്രധാനമായ ആറ് പുതിയ ഉയർന്ന പ്രദേശങ്ങൾ പിടിച്ചെടുത്തു' എന്ന് കേന്ദ്രം വ്യക്തമാക്കി.
മഗർ ഹിൽ, ഗുരുംഗ് ഹിൽ, റീസെൻ ലാ, റെസാംഗ് ലാ, മൊഖ്പാരി, ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗർ നാലിന് സമീപമുള്ള പ്രദേശം എന്നിവയാണ് ഇന്ത്യൻ സേന അധീനതയിലാക്കിയത്.
ബ്ലാക്ക് ടോപ്പ്, ഹെൽമെറ്റ് ടോപ്പ് തുടങ്ങി ചൈന നിലയുറപ്പിച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ പറ്റുന്ന ഉയരത്തിലുള്ളതാണ് ഈ പ്രദേശങ്ങളെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ ചൈന മൂവായിരം പുതിയ സൈനികരെക്കൂടി വിന്യസിച്ചു.
തരിശായ മലനിരകൾ പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യൻ സേന പ്രതിരോധിച്ചതിന് പിന്നാലെ പാംഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്തും തെക്കൻ മേഖലയിലും മൂന്ന് തവണ വെടിവയ്പുണ്ടായിരുന്നു.
ഇന്ത്യൻ നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമാണ് നേരത്തെ ചൈനീസ് സൈന്യം മുകളിലേക്ക് വെടിവച്ചത് എന്നാണ് വിവരം.
ചൈനയുടെ ഒരോ നീക്കവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിബിൻ റാവത്ത് തുടങ്ങിയ ഉന്നതർ സൂക്ഷമമായി നിരീക്ഷിക്കുകയും സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
ഇന്ത്യ കൂടുതൽ സേനയെ വിന്യസിച്ചു
ഇന്ത്യ - ചൈന കമാൻഡർ തല ചർച്ചകൾ നടക്കുന്നതിനിടെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം കൂടുതൽ സൈനികരെ ഇന്ത്യ വിന്യസിച്ചു. ശൈത്യകാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്.
കൂടുതൽ ടെന്റുകൾ നിർമ്മിക്കാനും ഭക്ഷണ സാമഗ്രികൾ എത്തിക്കാനും തുടങ്ങി. നവംബർ അവസാനത്തോടെ മഞ്ഞ് വീഴ്ച രൂക്ഷമാകാനിടയുള്ളതിനാൽ സാധന സാമഗ്രികൾ വിമാനത്തിൽ എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന കമാൻഡർ തല ചർച്ചയിലും ഇന്ത്യ വലിയ പ്രതീക്ഷ പുലർത്തുന്നില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.