isis-kerala

ന്യൂഡല്‍ഹി: കേരളത്തിലെ ഐസിസ് ഭീകരസാന്നിധ്യത്തെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന കണ്ടെത്തല്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭീകരഭീഷണി തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഐസിസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവര്‍ ആക്രമണത്തിന് തക്കം പാര്‍ക്കുകയാണെന്നും യു.എന്‍ സമിതി റിപ്പോര്‍ട്ട് ജൂലായില്‍ പുറത്തു വന്നിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 150- 200 ഭീകരരുടെ സംഘമാണിതെന്നും ഐസിസ്, അല്‍ ഖായിദ ഭീകര സംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യു.എന്‍ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.


അഫ്ഗാനിസ്ഥാനിലെ നിമ്റൂസ്, ഹെല്‍മണ്ട്, കാണ്ടഹാര്‍ പ്രവിശ്യകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന താലിബാന്റെ നിയന്ത്രണത്തിലാണ് ഇവരുള്ളത്. ഉസാമ മഹമൂദാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദയുടെ നേതാവ്.