അഹമ്മദാബാദ്: വിവാദ പ്രസ്താവനകള്‍ക്കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുള്ള ഗുജറാത്ത് ബി.ജെ.പി എം.എൽ.എ മധു ശ്രീവാസ്തവ് വീണ്ടും വിവാദക്കുരുക്കില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്ന എം.എൽ.എയുടെ വീഡിയോ പുറത്തായി. ക്ഷേത്രത്തില്‍ കേള്‍ക്കുന്ന ഭജന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. വഡോദരയില്‍ നിന്നുള്ള ഒരു ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
എം.എൽ.എയെ നൃത്തം ചെയ്യാന്‍ അനുയായികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വാദ്യം വായിക്കുന്ന രണ്ടു പേര്‍ മാത്രമാണ് മാസ്‌ക് ധരിച്ചിട്ടുള്ളത്. ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ ശരിയാണെന്നും എല്ലാ ശനിയാഴ്ചകളിലും ഇത് ചെയ്യാറുണ്ടെന്നും എം.എൽ.എ പറഞ്ഞു. കഴിഞ്ഞ 45 വര്‍ഷമായി പോകുന്ന സ്ഥലത്ത് ശനിയാഴ്ച പോയി. ഇത് പുതിയ കാര്യമല്ലെന്നും മധു പറഞ്ഞു.
സര്‍ക്കാര്‍ ഒത്തുചേരലുകള്‍ അനുവദിച്ചതിനാല്‍ ഒരു മാര്‍ഗനിര്‍ദ്ദേശവും ലംഘിച്ചിട്ടില്ല. കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ഒത്തുചേരലായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണെന്നും ക്ഷേത്രത്തിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും എം.എൽ.എ പറഞ്ഞു. ആഗസ്റ്റ് അവസാനം കൊവിഡ് പോസിറ്റീവായ മധു ശ്രീവാസ്തവ് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറായിട്ടില്ല. സ്വയം നിര്‍മ്മിച്ച ഗുജറാത്തി സിനിമകളില്‍ അടക്കം മധു ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്.
Gujarat BJP MLA, who recovered from Covid, dances inside temple without mask pic.twitter.com/noLOpmDQ31
— The Indian Express (@IndianExpress) September 20, 2020