മാഞ്ചസ്റ്രർ യുണൈറ്രഡിനും ന്യൂകാസിലിനും തോൽവി
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന ഗ്ലാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ചെൽസിയെ കീഴടക്കി. ഇരട്ടഗോളുമായി തിളങ്ങിയ സാഡിയോ മാനേയാണ് ലിവറിന്റെ വിജയ ശില്പി. ക്രിസ്റ്റ്യൻസൺ ഒന്നാം പകുതിയുടെ അധികസമയത്ത് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നത് ചെൽസിക്ക് തിരിച്ചടിയാവുകയായിരുന്നു. 50, 54 മിനിട്ടുകളിലായിരുന്നു മാനേ ലിവറിന്റെ അക്കൗണ്ടിൽ ഗോളുകളെത്തിച്ചത്.
മറ്റ് മത്സരങ്ങളിൽ ടോട്ടൻ ഹാം ഹോട്സ്പറും എവർട്ടണും തകർപ്പൻ ജയം നേടി. ഇന്നലെ നടന്ന മത്സരത്തിൽ കൊറിയൻ താരം സൺ ഹ്യൂഗ് മിന്നിന്റെ ഗോളടി മികവിൽ സൗത്താംപ്ടണെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ടോട്ടൻ ഹാം തകർത്തത്. ടോട്ടനത്തിന്റെ നാല് ഗോളും നേടിയത് സൺ ആയിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്തും, 47, 64, 73 മിനിട്ടുകളിലായിരുന്നു സൺ എതിർ വലകുലുക്കിയത്. ഹാരി കേൻ 82-ാം മിനിട്ടിൽ ടോട്ടനത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഡാനി ഇംഗ്സാണ് സൗത്താംപ്ടണിന്റെ രണ്ട് ഗോളുകളും നേടിയത്.
എവർട്ടൺ വെസ്റ്റ് ബ്രോംവിച്ചിനെയും ഇതേ സ്കോറിനാണ് കീഴടക്കിയത്. ഡൊമിനിക്ക് കാൾവർട്ട് ലെവിനിന്റെ ഹാട്രിക്കാണ് എവർട്ടണ് തകർപ്പൻ ജയമൊരുക്കിയത്. ഹാമിഷ് റോഡ്രിഗസ് പ്രിമിയർ ലീഗിൽ തന്റെ ആദ്യ ഗോൾ കണ്ടെത്തിയ മത്സരത്തിൽ മൈക്കേൽ കേനും എവർട്ടണായി ലക്ഷ്യം കണ്ടു. ഡയാംഗന, പെരേയ്ര എന്നിവരാണ് വെസ്റ്റ് ബ്രോംവിച്ചിനായി ഗോൾ മടക്കിയത്. വെസ്റ്റ് ബ്രോംവിച്ചിന്റെ കീരൻ ഗിബ്സ് ഒന്നാം പകുതിയുടെ അധിക സമയത്ത് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മറ്റൊരു മത്സരത്തിൽ ആഴ്സനൽ 2-1ന് വെസ്റ്റ് ഹാമിനെ കീഴടക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡ് 1-3ന് ക്രിസ്റ്റൽ പാലസിനോടാണ് തോറ്റത്. വിൽഫ്രഡ് സാഹ ക്രിസ്റ്റലിനായി രണ്ട് ഗോളുകൾ നേടി. ടൗൺസെൻഡ് ഒരു ഗോളും നേടി. വാൻ ഡി ബീക്കാണ് യുണൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്. ന്യൂകാസിൽ ബ്രൈറ്റണോടാണ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റത്.