stoinis

മാർക്കസ് സ്റ്റോയിനിസ് വിജയ ശില്പി

ദുബായ്: ആവേശം സൂപ്പർ ഓവറോളം നീണ്ട ത്രില്ലർ പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് നാടകീയ ജയം. ബാറ്റിംഗിലും ബൗളിംഗിലും മിന്നും പ്രകടനം പുറത്തെടുത്ത മാർക്കസ് സ്റ്റോയിനിസാണ് ഡൽഹിയുടെ വിജയ ശില്പി. മറുവശത്ത് വൻ തകർച്ച നേരിട്ട പഞ്ചാബിനെ മായങ്ക് അഗർവാളാണ് മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഇരുപതോവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബും ഇരുപതോവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157റൺസെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

അനായാസം സൂപ്പർ ഓവർ

സൂപ്പർ ഓവറിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി കെ.എൽ.രാഹുലും നിക്കോളാസ് പൂരനുമാണ് എത്തിയത്. കഗിസോ റബാഡയെറിഞ്ഞ ആദ്യ പന്തിൽ രാഹുൽ രണ്ട് റൺസെടുത്തു. എന്നാൽ തൊട്ടടുത്ത പന്തിൽ റബാഡയെ ഉയർത്തിയടിച്ച രാഹുൽ അക്സർ പട്ടേലിന്റെ കൈയിൽ ഒതുങ്ങി. തൊട്ടടുത്ത പന്തിൽ പൂരനെ റബാഡ ക്ലീൻ ബൗൾഡാക്കിയതോടെ പ‌ഞ്ചാബിന്റെ വെല്ലുവിളി രണ്ട് റൺസിൽ ഒതുങ്ങുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി റിഷഭ് പന്തും നായകൻ ശ്രേയസ് അയ്യരുമാണ് ബാറ്റിംഗിനെത്തിയത്. മുഹമ്മദ് ഷമിയാണ് പഞ്ചാബിനായി ബൗൾ ചെയ്തത്. ഒരുവൈഡും പന്ത് നേടിയ രണ്ടു റൺസുമായി ഡൽഹി വിജയം സ്വന്തമാക്കുകയായിരുന്നു.

സ്‌മാഷിംഗ് സ്റ്റോയിനിസ്

നേരത്തേ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മദ്ധ്യനിരയിൽ മാർകസ് സ്റ്റോയിനിസിന്റെയും (21 പന്തിൽ 53), നായകൻ ശ്രേയസ് അയ്യരുടേയും (39), റിഷഭ് പന്തിന്റെയും (31) ബാറ്റിംഗാണ് ഡൽഹിയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്.

പഞ്ചാബിനായി പേസർ മുഹമ്മദ് ഷമി 4 ഓവറിൽ 15 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. ഡൽഹിയുടെ പരിചയ സമ്പന്നനായ ഓപ്പണർ ശിഖർ ധവാൻ അക്കൗണ്ട് തുറക്കും മുൻപെ റണ്ണൗട്ടായി പുറത്തായി. പിന്നാലെ രണ്ടാമത്തെ ഓവറിലെ അഞ്ചാം പന്തിൽ മറ്റൊരു ഓപ്പണർ പ്രിഥ്വി ഷായെ (5) ഷമി ക്രിസ് ജോർദാന്റെ കൈയിലെത്തിച്ചു. തന്റെ അടുത്ത ഓവറിൽ ഹെറ്റ്മേയറെ (7) ഷമി മായങ്ക് അഗർവാളിന്റെ കൈയിൽ എത്തിച്ചതോടെ 4 ഓവറിൽ 3/15 എന്ന നിലയിൽ പ്രതിസന്ധിയിലായി ഡൽഹി. തുടർന്ന് ക്രീസിൽ ഒന്നിച്ച ശ്രേയസും പന്തും കൂട്ടത്തകർച്ചയിൽ നിന്ന് ഡൽഹിയെ രക്ഷിച്ച് സ്കോർ ശ്രദ്ധിച്ച് ഉയർത്തുകയായിരുന്നു. ടീം സ്കോർ 86ൽ വച്ച് ശ്രേയസിനെയും ജോർദാന്റെ കൈയിൽ ഒതുക്കി ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടു പിന്നാലെ പന്ത് ബിഷ്ണോയിയുടെ പന്തിൽ ക്ലീൻബൗൾഡായി. തുടർന്ന് സ്റ്റോയിനിസ് അവസാനം നടത്തിയ വെടിക്കെട്ട് ഡൽഹിയെ 150 കടത്തി. 19-ാം ഓവറിൽ കോട്ട്‌റലിനെ മൂന്ന് ഫോർ പായിച്ച സ്റ്റോയിനിസ് ജോർദാൻ എറിഞ്ഞ അവസാന ഓവറിൽ 2 സിക്സും 3 ഫോറുമാണ് അടിച്ചു കൂട്ടിയത്. 7 ഫോറും 3 സിക്സും അടങ്ങിയതാണ് സ്റ്റോയിനിസിന്റെ ഇന്നിംഗ്സ്. കോട്ട്‌റൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

മായങ്ക് മായാജാലം

മറുപടിക്കിറങ്ങിയ പ‌‌ഞ്ചാബിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 60 പന്തിൽ 89 റൺസുമായി അവസരത്തിനൊത്തുയർന്ന മായങ്ക് അഗർവാളിന്റെ ബാറ്റിംഗാണ് പഞ്ചാബിനെ വൻ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി വിജയതീരത്തിന് അടുത്തുവരെയെത്തിച്ചത്.

പ്രമുഖ ബാറ്റ്‌സ്മാൻമാരായ രാഹുൽ (21), പൂരൻ(0), മാക്‌സ്‌വെൽ (1), കരുൺ നായർ (1),​ സർഫ്രാസ് ഖാൻ എന്നിവർ 10 ഓവറിൽ പവലിയനിൽ തിരിച്ചെത്തുമ്പോൾ 55/5 എന്ന നിലയിലായിരുന്നു പ‌‌ഞ്ചാബ് എന്നാൽ പിന്നീട് മായങ്ക് രക്ഷാപ്രവർത്തനം ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. 60 പന്തിൽ 7 ഫോറും 4 സി‌ക്സും ഉൾപ്പെടെ മായങ്ക് 89 റൺസ് നേടി.

കളിമാറിയ അവാസന ഓവർ

അവസാന ഓവറിൽ പ‌‌ഞ്ചാബിന് ജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. സ്റ്റോയിനിസ് എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് തന്നെ മായങ്ക് കൂറ്റൻ സിക്സിന് പറത്തിയതോടെ പഞ്ചാബ് ക്യാമ്പ് ആഘോഷത്തിലായി. അടുത്ത പന്തിൽ രണ്ട് റൺസ് കൂടെ. മൂന്നാം പന്തിൽ ഫോർ. മത്സരം ടൈ. അടുത്ത പന്ത് ബീറ്റണായി. അഞ്ചാം പന്ത് സ്വീപ്പർ കവറിലേക്ക് ഉയർത്തിയടിച്ച മായങ്കിനെ പക്ഷേ ഹെറ്റ്മേയർ പിടികൂടി. അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ്. ഫുൾടോസായെത്തിയ ആ പന്ത് സ്‌ക്വയർ ലെഗ്ഗിലേക്കടിച്ച ക്രിസ് ജോർദ്ദാനെ റബാഡ പിടികൂടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. ബാറ്റ് കൊണ്ടും ബാളുകൊണ്ടും ഡൽഹിയുടെ രക്ഷകനായ സ്റ്റോയിനിസാണ് കളിയിലെ കേമൻ.