ദുബായ് : മുൻനിര തകർന്നിട്ടും പഞ്ചാബിനെതിരെ ഡൽഹിക്ക് താരതമ്യേന മികച്ച സ്കോർ ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് അടിച്ചെടുത്തത്. മുൻനിര പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. നായകൻ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും ഓസിസ് താരം മാർക്കസ് സ്റ്റോയിനിസിന്റെയും പ്രകടനമാണ് വൻതകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. 20 പന്തിൽ അർധസെഞ്ചുറി കണ്ടെത്തിയ സ്റ്റോയിനിസ് ഡൽഹിയുടെ രക്ഷകനാവുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 6 ഓവറിനിടെ മൂന്നുവിക്കറ്റുകൾ നഷ്ടമായി. അവസാന റിപ്പോർട്ടുകൾ കിട്ടുമ്പോൾ പഞ്ചാബ് ആറ് ഓവറിൽ 3 വിക്കറ്റിന് 33 എന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. സൂപ്പർ താരം ശിഖർ ധവാനാണ് ആദ്യം പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ റൺഔട്ടിലൂടെയാണ് ധവാനെ പഞ്ചാബ് പുറത്താക്കിയത്. പിന്നാലെ ഒരു ഓവറിൽ പൃഥ്വി ഷായെ ജോർദാന്റെ കൈകളിലും ഹെറ്റ്മയറെ മയങ്കിന്റെ കൈകളിലും എത്തിച്ച ഷമി പഞ്ചാബിന് ആധിപത്യം നൽകുകയായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന അയ്യർ-പന്ത് കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിച്ചു. സാവധാനം ഡൽഹി സ്കോർബോർഡ് ചലിപ്പിച്ച ഇരുവരും ബൗണ്ടറികളും കണ്ടെത്താൻ തുടങ്ങിയതോടെ ഡൽഹി ഭേദപ്പെട്ട നിലയിലേക്ക് ഉയർന്നു. എന്നാൽ കൂട്ടുകെട്ട് കൂടുതൽ അപകടകരമാകുന്നതിന് മുമ്പ് പന്തിനെ യുവതാരം രവി ബിഷ്ണോയിയും അയ്യരെ മുഹമ്മദ് ഷമിയും പുറത്താക്കി. അയ്യര് 39റൺസും പന്ത് 31 റൺസും നേടി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനവും ഡൽഹി ഇന്നിംഗ്സിൽ നിർണായകമായി. അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്ന കോട്ട്രലിനെയും ജോർദാനെയും നിരന്തരം ബൗണ്ടറി പായിച്ച സ്റ്റോയിനിസ് ഡൽഹിയുടെ ടീം സ്കോർ ഉയർത്തി. 21 പന്തിൽ 53 റൺസാണ് ഓസിസ് താരം നേടിയത്. തുടക്കത്തിൽ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുളിൽ റൺസ് വഴങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെൽട്ടൻ കോട്ടരൽ രണ്ടും അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയി ഒരു വിക്കറ്റും സ്വന്തമാക്കി.